ഹേമചന്ദ്രൻ കൊലക്കേസ് – മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന നൌഷാദ് കസ്ററഡിയിൽ;പിടിയിലായത് ബംഗലൂരു വിമാനത്താവളത്തിൽ വെച്ച്

ബെംഗളൂരു : സുല്‍ത്താന്‍ ബത്തേരി സ്വദേശിയായിരുന്ന ഹേമചന്ദ്രനെ കൊന്ന് കുഴിച്ചു മൂടിയെന്ന കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നൗഷാദ് കസ്റ്റഡിയില്‍. വിദേശത്തായിരുന്ന പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റഡിയില്‍വാങ്ങാനായി കോഴിക്കോട്ടുനിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു.

ഗള്‍ഫിലായിരുന്ന നൗഷാദിനായി പോലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍വെച്ച് നൗഷാദും കൂട്ടാളികളും ഹേമചന്ദ്രനെ കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴച്ചിട്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എന്നാൽ കൊലപാതകം നടത്തിയിട്ടില്ലെന്നും ഹേമചന്ദ്രന്‍ ബത്തേരിയിലെ വീട്ടില്‍വെച്ച് സ്വയം ജീവനൊടുക്കിയതാണെന്നുമാണ് നൗഷാദിന്റെ വാദം. ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ ഹേമചന്ദ്രന്റെ മൃതദേഹം പിന്നീട് തമിഴ്‌നാട്ടിലെത്തിച്ച് കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. കേസില്‍ ജ്യോതിഷ്‌കുമാര്‍, അജേഷ്, വൈശാഖ് എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ അൻപത്തിമൂന്നുകാരനായ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ജൂണ്‍ 28-നാണ് നീലഗിരിയിലെ ചേരമ്പാടി വനമേഖലയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമുള്ള മായനാട് നടപ്പാലത്തുള്ള വാടകവീട്ടില്‍നിന്ന് ടൗണിലേക്കാണെന്നു പറഞ്ഞ് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് 2024 ഏപ്രില്‍ ഒന്നിന് ഭാര്യ എന്‍.എം. സുഭിഷ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് നാടകീയസംഭവവികാസങ്ങള്‍ക്കുശേഷം കൊലപാതകമാണെന്ന നിലയിലേക്ക് എത്തിയത്.

റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി കമ്പനി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ 20 ലക്ഷത്തോളം രൂപ പലര്‍ക്കും നല്‍കാനുണ്ടായിരുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിട്ടതെന്നാണ് പോലീസ് കണ്ടെത്തല്‍. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയെ ഉപയോഗിച്ചാണ് ഹേമചന്ദ്രനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. ഈ സ്ത്രീ ഹേമചന്ദ്രനുമായി നേരത്തേ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുള്‍പ്പെടെ മറ്റുചിലര്‍ കൂടി കേസില്‍ പ്രതികളാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

നൌഷാദ് പറയുന്നത് പോലെ ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. എന്നാൽ കൊലപാതകമാണെന്ന് പൂർണമായും സ്ഥിരീകരിക്കാനും പറ്റിയിട്ടില്ല. വിശദമായ ഫൊറൻസിക് പരിശോധനാ ഫലം പുറത്തുവന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരത്താനാകൂു എന്നാണ് പൊലീസ് നിലപാട്. എന്തായാലും നൌഷാദും കൂട്ടാളികളും കസ്റ്റഡിയിൽ ആയതോടെ ഹേമചന്ദ്രന്റെ മണത്തിലെ ദുരൂഹത മാറ്റാനാകും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *