ഡൽഹി: ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനത്തിൽ 38 മരണം. വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് കണക്ക് കൂട്ടൽ. അപകടത്തിൽപ്പെട്ട 98 പേരെ സൈന്യം രക്ഷപ്പെടുത്തി. നിരവധി പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ ചസോട്ടിയിൽ ഉച്ചയ്ക്ക് 12 നും ഒരു മണിക്കും ഇടയിലാണ് ദുരന്തം സംഭവിച്ചത്. നിരവധി ഭക്തർ ഒത്തുകൂടിയ സമയമായിരുന്നു അപകടമുണ്ടായത്. കിഷ്ത്വാറിൽ നിന്ന് 90 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് 9,500 അടി ഉയരത്തി ചസോട്ടി സ്ഥിതി ചെയ്യുന്നത്.
കാൽനടയായി എട്ട് കിലോമീറ്റർ സഞ്ചരിച്ചു വേണം ഈ തീർത്ഥാടന കേന്ദ്രത്തിലേക്ക് എത്താൻ. ഉധംപൂരിൽ നിന്ന് എൻഡിആർഎഫിന്റെ രണ്ട് ടീമുകളെ വിന്യസിച്ചിട്ടുണ്ട്, സിവിൽ, പോലീസ്, ആർമി, എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ എന്നിവർ ഓപ്പറേഷനിൽ പങ്കുചേരുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറും മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയുമായി ഫോണിൽ സംസാരിച്ചു.
എല്ലാ സഹായങ്ങളും വാദഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ വേദനയ്ക്കൊപ്പം ചേരുന്നുവെന്നും ജമ്മു കാഷ്മീരിലെ ദുരന്തനിവാരണ പ്രവർത്തനത്തിന് എല്ലാ സഹായവും ഉറപ്പ് നൽകുമെന്നും പ്രധാനമന്ത്രി മോദി പ്രതികരിച്ചു. അതേസമയം പ്രളയവും ശക്തമായ മഴയും ഉത്തരേന്ത്യയെ ആകെ ബാധിച്ചിരിക്കുകയാണ്. ജമ്മു കാശ്മീരിൽ നാശം വിതച്ച മേഗവിസ്ഫോടനത്തിനൊപ്പം സമാനമായ സംഭവം ഉത്തരാഖണ്ഡിലും റിപ്പോർട്ട് ചെയ്തു. മുൻപ് ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം നടന്നതിന്റെ നടുക്കം മാറുന്നതിന് മുൻപാണ് അടുത്ത ദുരന്തം.
ഷിംല, ലാഹോൾ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 300 ലധികം റോഡുകൾ അടച്ചിട്ടു. ശ്രീഖണ്ഡ് മഹാദേവ് പർവതനിരകളിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ കുർപൻ നദിയിലെ വെള്ളപ്പൊക്കം മൂലം കുളു ജില്ലയിലെ നിർമന്ദ് ഉപവിഭാഗത്തിലെ ബാഗിപുൾ ബസാറിലുള്ളവരെ ഒഴിപ്പിച്ചു. ശ്രീഖണ്ഡ് മഹാദേവിന്റെ കൊടുമുടിയിലേക്കുള്ള വഴിയിൽ വരുന്ന ഭീമദ്വാരിക്കടുത്താണ് മേഘവിസ്ഫോടനം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.