പുതിയ റൈഡർമാരെയും ലക്ഷ്യം വച്ചുള്ള സ്പ്രിന്റ് , ഹാർലിയുടെ പരമ്പരാഗത വലിയ ക്രൂയിസർ ബൈക്കുകളെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമായ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു
പ്രിയ ശ്രീനിവാസൻ
ന്യൂജെൻ പിള്ളേരെ ലക്ഷ്യമിട്ട് ഹാർലി-ഡേവിഡ്‌സൺ പുറത്തിറക്കുന്ന സ്പ്രിന്റ് എന്ന എൻട്രി ലെവൽ മോട്ടോർസൈക്കിൾ 2026 ൽ യു എസ് വിപണിയിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ചു. 6,000 ഡോളർ വിലവരുന്ന ഈ ബൈക്കിന് പുതുതലമുറയുടെ മനസ് കവരാൻ സാധിക്കുമോ എന്നാണറിയേണ്ടത്.
ഹാർലി എന്നെന്നും യുവാക്കളുടെ ഹരമാണെങ്കിലും വില താങ്ങാവുന്നതിനപ്പുറം ആയതിനാൽ തുടക്കക്കാർ പൊതുവെ അകലം പാലിക്കാറാണ് പതിവ്. ആ വിടവ് അങ്ങ് നികത്തിയേക്കാം എന്ന പദ്ധതിയിലാണ് ഇത്തവണ ഏകദേശം 6,000 ഡോളർ വിലയിട്ടാണ് ചെറിയ മോട്ടോർസൈക്കിളായ സ്പ്രിന്റ് കമ്പനി അവതരിപ്പിക്കുന്നത്. ഇത് ഹാർലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിലയാവും.
ചെറുപ്പക്കാരെയും ആദ്യമായി റൈഡർമാരായി എത്തുന്നവരെയും ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്പ്രിന്റ്, വിശ്വസ്തരായ ഉപഭോക്താക്കളുടെ ഒരു പുതിയ തലമുറയെ കെട്ടിപ്പടുക്കാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ്.
2021 മുതൽ ഹാർലി സ്പ്രിന്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആകാരഭംഗിക്കൊപ്പം ലാഭക്ഷമതയും ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നു സിഇഒ ജോച്ചൻ സീറ്റ്സ് വ്യക്തമാക്കി. ഹാർലി യുഎസിൽ നേരത്തെ അവതരിപ്പിച്ച സ്ട്രീറ്റ് 750 പോലുള്ള കുറഞ്ഞ വിലയുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും സ്പ്രിന്റ് നിരത്തിലെത്തിക്കുന്നത്. പ്രതീക്ഷിച്ച വിജയം കാണാത്തതിനാൽ സ്ട്രീറ്റ് 750 മോഡൽ 2021 ൽ നിർത്തലാക്കിയിരുന്നു.
1960 കളിലും 1970 കളിലും ഇറ്റാലിയൻ നിർമ്മാതാക്കളായ എയർമാക്കിയുമായുള്ള കമ്പനിയുടെ പങ്കാളിത്തത്തിൽ ആദ്യമായി കണ്ട മോഡലിന്റെ പേരിൽ നിന്നുമാണ് പുതിയ സ്പ്രിന്റ് എത്തുന്നത്. എയർമാച്ചി ഹാർലി-ഡേവിഡ്‌സൺ സ്പ്രിൻ്റ് 250 ccm 1966 ആയിരുന്നു ആ മോഡൽ. അക്കാലത്തെ പരമ്പരാഗത ഹാർലി ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നെങ്കിലും, വാങ്ങുന്നവർക്കിടയിൽ സ്പ്രിന്റ് വളരെ ജനപ്രിയമായിരുന്നു.
പുതിയ സ്പ്രിന്റിനൊപ്പം ഒരു കമ്പാനിയൻ ക്രൂയിസർ മോഡലും ഹാർലി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹെവിവെയ്റ്റ് ക്രൂയിസർ ടൂറിംഗ് ബൈക്കുകൾക്ക് പേരുകേട്ട ബ്രാൻഡാണ് ഹാർലി എന്നത് മറക്കാൻ പാടില്ലല്ലോ. നിലവിൽ, ഹാർലിയുടെ ഏറ്റവും വിലകുറഞ്ഞ മോഡലായ നൈറ്റ്സ്റ്റർ ഏകദേശം 10,000 ഡോളർ മുതലാണ് ആരംഭിക്കുന്നത്.
നിർമ്മാണ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഹാർലി-ഡേവിഡ്‌സണിന് ഏഷ്യയിൽ ഉൽപ്പാദന സൗകര്യങ്ങളുണ്ട്. തായ്‌ലൻഡിലെ ഒരു ഫാക്ടറി ഉൾപ്പെടെ, നിലവിൽ കമ്പനിയുടെ പാൻ അമേരിക്ക അഡ്വഞ്ചർ ബൈക്ക് നിർമ്മിക്കുന്നത് ഇവിടെയാണ്. ബ്രാൻഡ് മൂല്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കൂടുതൽ താങ്ങാനാവുന്ന വിലയുള്ള മോട്ടോർസൈക്കിളുകൾ എങ്ങനെ നിർമ്മിക്കാമെന്ന് പഠിക്കാൻ കമ്പനി കഴിഞ്ഞ അഞ്ച് വർഷമായി ചെലവഴിച്ചിട്ടുണ്ടെന്ന് സീറ്റ്സ് അഭിപ്രായപ്പെട്ടു.