ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രഹസ്യകാമറ ധരിച്ച് ഭക്തൻ എത്തിയ സംഭവം;വിശദമായി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി അന്വേഷണ സംഘം

തിരുവനന്തപുരം : രഹസ്യക്യാമറയുള്ള കണ്ണടയുമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഗുജറാത്ത് സ്വദേശി സുരേന്ദ്രഷായെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് ഇയാള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. സുരേന്ദ്രഷായില്‍നിന്നു പിടിച്ചെടുത്ത കണ്ണടയും മൊബൈലും പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു.

കണ്ണടയിലെ മെമ്മറി കാര്‍ഡിലും ബ്ലൂടൂത്ത് വഴി മൊബൈല്‍ഫോണിലും ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും ഇതിന്റെ ദൃശ്യങ്ങൾ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതുമാണ് പ്രധാനമായും പരിശോധിക്കുന്നത്. മാത്രമല്ല ക്ഷേത്രത്തിലെ ദൃശ്യങ്ങൾ മറ്റേതെങ്കിലും സംവിധാനത്തിലേക്ക് കോപ്പി ചെയ്തുവോ എന്നതും പരിശോധിക്കും..

ഇലക്ട്രോണിക് സാധനങ്ങള്‍ക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് രഹസ്യക്യാമറയുമായി ഇയാള്‍ ഞായറാഴ്ച ശ്രീകോവിലിനു മുന്നില്‍വരെയെത്തിയത്. കണ്ണടയില്‍ ലൈറ്റ് മിന്നുന്നതുകണ്ട ക്ഷേത്രജീവനക്കാരനാണ് പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കല്‍മണ്ഡപത്തില്‍ വെച്ചാണ് സുരേന്ദ്രഷായെ പിടികൂടിയത്.

ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയതാണെന്നും കൗതുകം കൊണ്ടുമാത്രം ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച സുരേന്ദ്രഷാ ഗുജറാത്തിലേക്കു മടങ്ങിപ്പോയി. ഫൊറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തിയാല്‍ കാര്യങ്ങൾ സങ്കീർണമാവും. കർണാടകയിലെയും ആന്ധ്രയിലെയും വിവിധ ക്ഷേത്രങ്ങളിൽ സന്ദർഷിച്ച് ഇയാൾ അവിടെ നിന്നുള്ള ദൃശ്യങ്ങളും കണ്ടെടുക്കാൻ ശ്രമിക്കുന്നു. സമൂഹ മാധ്യമത്തിൽ നിലവിൽ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ വന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷപാളിച്ചയാണ് ഇത്തരത്തിലൊരാൾ കൽമണ്ഡപം വരെ എത്തിയത് എന്ന വിശകലനത്തിന്രെ അടിസ്ഥാനത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കാന്‍ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകള്‍ നികത്തണം എന്നാവശ്യപ്പെട്ട് ഭരണസമിതി പോലീസ് മേധാവിക്ക് കത്ത് നല്‍കും. സുരക്ഷാ ജീവനക്കാർക്ക് ആവശ്യമുള്ള ഉപകരണങ്ങളും വാങ്ങിനല്‍കാൻ ധാരണയായി. ആധുനിക പരിശോധനാ ഉപകരണങ്ങള്‍ വാങ്ങിനല്‍കാനുള്ള ശുപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും ഇതു പരിശോധിച്ചുവരുകയാണെന്നും എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരിഷ്‌കരിച്ച ദര്‍ശനരീതി സാധാരണ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയർന്നു. പ്രത്യേക പാസുള്ളവര്‍ക്ക് മുന്നിലും അല്ലാത്തവര്‍ക്ക് ഒറ്റക്കല്‍ മണ്ഡപത്തിന്റെ പിന്‍ഭാഗത്തും എന്ന രീതിയിലാണ് പരിഷ്‌കാരം. ഇതുകാരണം പിന്നിലായി പോകുന്ന സാധാരണ ഭക്തര്‍ക്ക് വിഗ്രഹത്തിന്റെ ദര്‍ശനം കിട്ടാത്ത സ്ഥിതിയാണ്.
സ്ഥിരം ദര്‍ശനത്തിനെത്തുന്നവരെ ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നു. പലരും ഇപ്പോള്‍ ശിവേലിപ്പുരയില്‍ ചുറ്റി തൊഴുതുമടങ്ങുകയാണ് ചെയ്യുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് പരിഗണനയിലാണെന്നും ക്ഷേത്ര അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *