അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധിപ്പേർക്കു പരിക്കേറ്റു. ഒന്‍പതു പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മധ്യഗുജറാത്തിലെ പദ്ര താലൂക്കിലെ മുജ്പുർ ഗ്രാമത്തിനു സമീപമുള്ള മഹിസാഗർ നദിക്കു കുറുകേയുള്ള വലിയ പാലമാണ് ഇന്നലെ രാവിലെ തകർന്നുവീണത്. ആനന്ദ്, വഡോദര ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടുഭാഗം തകർന്ന് നാലു വാഹനങ്ങൾ നദിയിലേക്കു പതിച്ചാണു ദുരന്തം.
തകർന്നപ്പോൾ പാലത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു ട്രക്കുകൾ, ഒരു ബൊലേറോ ജീപ്പ്, ഒരു പിക്കപ്പ് വാൻ എന്നിവ നദിയിലേക്ക് വീണു. ബൊലേറോയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചവരിൽ ഉൾപ്പെടുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാ സേന, പോലീസ്, വഡോദര മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്.
കഴിഞ്ഞ വർഷമാണ് 43 വർഷം പഴക്കമുള്ള പാലം 212 കോടി രൂപ മുടക്കി പുതുക്കിയത്. പാലം പുനർനിർമിച്ച് മാസങ്ങൾക്കകം തകർന്നുവീണതിൽ വൻ അഴിമതിയുണ്ടെന്ന് ഗ്രാമവാസികൾ ആരോപിച്ചു.
മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു. ഇതിന് പുറമേ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായുളള ബന്ധം മുറിഞ്ഞു. സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.