ഒരു ഇടവേളക്ക് ശേഷം ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് ദിനംപ്രതി രൂക്ഷമാകുകയാണ്. റാപ്പര്‍ വേടന്റെ പാട്ട് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കാലിക്കറ്റ് വൈസ് ചാന്‍സലറോട് വിശദീകരണം തേടിയതിന് പിന്നാലെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ നിര്‍ദേശമനുസരിച്ചെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍. ഗവര്‍ണറുടെ അധികാരം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച ചേരുന്ന കരിക്കുലം കമ്മിറ്റി ഈ പാഠഭാഗത്തിന് അംഗീകാരം നല്‍കും.
ഗവര്‍ണറുടെ അധികാരം, അധികാര പരിധി, ചുമതലകള്‍ എന്നിവ ഹൈസ്‌കൂള്‍ സിലബസിലാണ് ഉള്‍പ്പെടുത്തുന്നത്. പത്താം ക്ലാസ് സാമൂഹ്യപാഠ പുസ്തകത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠത്തിലാണ് ഗവര്‍ണറുടെ അധികാരങ്ങള്‍ പ്രതിപാദിക്കുന്നത്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ നിര്‍ദേശമനുസരിച്ചാണെന്ന് വിവരിക്കുന്ന പാഠത്തില്‍ ഇതിന് ഉപോല്‍ബലകമായി സമീപ കാലത്തുണ്ടായ കോടതി വിധികളും ഉള്‍പ്പെടുത്തി. ഗവര്‍ണര്‍ അധികാര പരിധി വിട്ടാല്‍ കോടതിയെ സമീപിക്കാമെന്ന് പറയുന്ന ഭാഗത്താണ് സമീപ കാല കോടതി വിധികള്‍ ഉദ്ധരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന കരിക്കുലം കമ്മിറ്റി അംഗീകരിച്ചാല്‍ ഈ വിദ്യാഭ്യാസ വര്‍ഷം തന്നെ പാഠഭാഗം സിലബസിന്റെ ഭാഗമാകും.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ വച്ചതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി ഇറങ്ങിപ്പോക്ക് നടത്തി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ ചുമതലകള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനമുണ്ടായത്. ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവര്‍ണറും സര്‍ക്കാരും ത്ങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇത് ഇനിയുള്ള ദിവസങ്ങളില്‍ രാജ്ഭവനില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളിലും നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചേക്കും.