കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലര്‍മാരുടെ നിയമനം റദ്ദാക്കിയതിരെതിരായ അപ്പീല്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ നല്കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, പിവി ബാലകൃഷ്ണന് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി പറയുന്നത്. സര്‍ക്കാര്‍ നല്കുന്ന പാനലില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി. സിസ തോമസ് കേസിലെ ഡിവിഷന് ബെഞ്ച് വിധി ഗവര്‍ണ്ണര്‍ പാലിക്കണമെന്നും ആയിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഇതിനെതിരെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് സര്‍വകലാശാലകളിലെയും താത്കാലിക വിസിമാരുടെ കാലാവധി മെയ് മാസം 28ന് അവസാനിച്ചു. അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ ഇവരുവര്‍ക്കും തല്‍സ്ഥാനത്ത് തുടരാന്‍ ഡിവിഷന് ബെഞ്ചിന്റെ അനുമതിയുണ്ട്. എന്നാല്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് ഡിവിഷന് ബെഞ്ചിന്റെ വിലക്കുണ്ട്. സാങ്കേതിക സര്‍വകലാശാല വിസി ഡോ. കെ. ശിവപ്രസാദിന്റെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെയും നിയമനത്തെ ചോദ്യം ചെയ്തായിരുന്നു സിംഗിള്‍ ബെഞ്ചിന് മുന്നില്‍ സര്‍ക്കാരിന്റെ ഹര്‍ജി.