തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വി.സിമാരെ നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ആവശ്യം തള്ളി ഗവർണർ. ഇതോടെ സർക്കാർ -ഗവർണർ പോര് കനത്തേക്കും. സുപ്രീംകോടതി ഉത്തരവിന് അനുസൃതമായാണ് വി.സിമാരെ നിയമിച്ചതെന്നും ഇത് പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ഗവർണർ മറുപടിക്കത്ത് നൽകിയതോടെയാണ് വി.സി നിയമനം വീണ്ടും ചർച്ചയാകുന്നത്.
നിയമനങ്ങൾ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമല്ല, അന്ത:സത്തയ്ക്ക് വിരുദ്ധവുമല്ല. അതിനാൽ റദ്ദാക്കേണ്ട കാര്യമില്ലെന്നും നിയമനങ്ങൾ നിയമപ്രകാരമല്ലെന്നും റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നൽകിയ കത്തിനാണ് ഗവർണർ മറുപടി നൽകുന്നത്. സുപ്രീംകോടതി ഉത്തരവിന്റെ അന്ത:സത്തയ്ക്കെതിരാണ് ഗവർണറുടെ നടപടിയെന്നും സർക്കാരിന്റെ പാനലിലുള്ളവരെ നിയമിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.ഈ ആവശ്യം മുഖ്യമന്ത്രി മുഖവിലയ്ക്ക് എടുക്കുന്ന മട്ടില്ല.
സർക്കാരിന്റെ പാനലിൽ നിന്ന് വി.സിയെ നിയമിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഗവർണർക്ക് നിയമിക്കാൻ അധികാരമുണ്ടെന്നുമാണ് ഗവർണറുടെ മറുപടി . ഇതോടെ പോര് കനത്തു. താത്കാലിക വി.സിമാരായി ഡോ.സിസാതോമസ് (ഡിജിറ്റൽ), ഡോ.കെ.ശിവപ്രസാദ് (സാങ്കേതികം) എന്നിവരെ വീണ്ടും നിയമിച്ചതായി 13ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഗവർണർ സുപ്രീംകോടതിയെ അറിയിക്കും.
എന്നാൽ ഇതിനെ എതിർത്ത് സർക്കാരും രംഗത്തെത്താനാണ്സാധ്യത. മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഗവർണറെ കാണാനാണ് സാധ്യത. ഇന്ന് കൂടിക്കാഴ്ചയക്ക് അമുമതിയും നൽകിയിട്ടുണ്ട്. അതേസമയം സർക്കാർ നടപടിയിൽ രൂക്ഷ ഭാഷയിൽ പ്രതികരിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ രംഗത്തെത്തുന്നത് ഡിജിറ്റൽ, സാങ്കേതിക സർവകലാശാല താത്കാലിക വി.സി നിയമനക്കേസിൽ സുപ്രീംകോടതി ഉത്തരവിനെ സർക്കാർ ദുർവ്യാഖ്യനം ചെയ്യുകയാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
ഗവർണർക്ക് താത്പര്യമുണ്ടെങ്കിൽ ഡോ. സിസാ തോമസിനേയും ഡോ.ശിവപ്രസാദിനെയും വി.സിമാരായി തുടരാൻ അനുവദിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന്റെ പതിനാറാം ഖണ്ഡികയിൽ ചാൻസലർക്ക് പുതിയ ഒരാളെ നിയമിച്ചു കൊണ്ടോ അല്ലെങ്കിൽ നിലവിലുള്ളവരെ തുടരാൻ അനുവദിച്ചു കൊണ്ടോ ഉത്തരവിറക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള തർക്കവും രൂക്ഷമായി തുടരുകയാണ്.









