കൊടും കുറ്റവാളികളോട് സർക്കാറിന് മൃദു സമീപനം; വിമർശിച്ച് സി പി ഐ

പത്തനംതിട്ട: ടി പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടിസുനിയെപ്പോലെയുള്ളവര്‍ക്ക് ജയില്‍ ലഭിക്കുന്ന ഇളവുകൾ വീണ്ടും ചർച്ചയാവുന്നു. ജയിലിൽ കഴിയുന്ന കൊടി സുനിയ്ക്ക് ജയിൽ ജോലികളൊന്നും ചെയ്യേണ്ടതില്ല. പരമാവധി വിശ്രമമാണ് അവധി ചെലവഴിക്കാനെത്തിയവരെപ്പോലെയാണ് ചില ജയിൽപ്പുള്ളികളെന്ന വിമർശനമാണ് സി പി ഐ ഉന്നയിച്ചത്. കൊടുംകുറ്റവാളികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടുന്നുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണെന്നും സിപിഐ കുറ്റപ്പെടുത്തി. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ എക്‌സിക്യുട്ടീവ് അംഗം മലയാലപ്പുഴ ശശി അവതരിപ്പിച്ച കരട് രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങൾ.

കേരളത്തിലെ ക്രമസമാധാന രംഗത്തെപ്പറ്റി പ്രധാനമായും ആഭ്യന്തരവകുപ്പിനെ കുറിച്ച് ജനങ്ങള്‍ക്ക് പരാതിയുണ്ട്. എല്ലാ റാങ്കിലുമുള്ള കുറേ പോലീസ് ഉദ്യോഗസ്ഥര്‍ അമിതാധികാരം ഉപയോഗിക്കുന്നു എന്നുമാത്രമല്ല അവര്‍ക്ക് തോന്നിയപോലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. അവരില്‍ ചിലര്‍ മന്ത്രിമാരെപ്പോലും വകവെക്കുന്നില്ല എന്നതിനുദാഹരണമാണ് എഡിജിപി അജിത്കുമാര്‍. കാപ്പാ കേസിലെയും പോക്‌സോ കേസിലെയും പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം ലഭിക്കുന്ന കാഴ്ച ജനങ്ങളില്‍ ഉണ്ടാക്കുന്ന അമര്‍ഷവും പ്രതിഷേധവും അവഗണിക്കുന്നത് ഉചിതമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎഎസ്, ഐപിഎസ് തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോര് ഭരണത്തിന് ക്ഷീണം ഉണ്ടാക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്ക് ഭരണസിരാകേന്ദ്രങ്ങളില്‍നിന്ന് അമിത പരിഗണന കിട്ടുന്നുണ്ടെന്നും വിമര്‍ശനമുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെപോലെ പെരുമാറുന്നു എന്ന വിമർശനം നിലനിൽക്കുമ്പോൾ തന്നെ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് മുന്നിൽ കുമ്പിട്ടുനില്‍ക്കുന്നതായി സമ്മേളനപ്രതിനിധികള്‍ ആരോപണമുയര്‍ത്തി. മുഖ്യമന്ത്രി ഏകാധിപതിയെപോലെ പെരുമാറുന്നു. നവകേരള സദസ്സ് ആഡംബരയാത്ര മാത്രമായിരുന്നു. നവകേരളസദസ്സിനെതിരേ സമരം നടത്തിയ പ്രതിപക്ഷ സംഘടനകളെ നേരിട്ട രീതി ശരിയായില്ല. നവകേരള സദസ്സിനെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസുകാരുടെ തല അടിച്ചുപൊട്ടിക്കാന്‍ ഡിവൈഎഫ്ഐക്കാര്‍ക്ക് എന്തവകാശമെന്ന് പ്രതിനിധികള്‍ ചോദിച്ചു. റാന്നി, അടൂര്‍, കോന്നി മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്.രാഷ്ട്രീയ അതിപ്രസരവും അഴിമതിയും സഹകരണമേഖലയെ പ്രതിസന്ധിയിലാക്കി. വിലക്കയറ്റം തടയാനുള്‍പ്പെടെ പണമില്ലാത്തത് വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

സ്വന്തം മന്ത്രി ഭരിക്കുന്ന മൃഗസംരക്ഷണവകുപ്പ് പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന വിമര്‍ശനവും യോഗത്തിൽ ഉയര്‍ന്നു. ആരോഗ്യമേഖലയില്‍ അധികാര സ്ഥാനത്തിരിക്കുന്നവര്‍ വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന രീതി വലിയ വിമര്‍ശനം വിളിച്ചുവരുത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റിലും പരാജയപ്പെട്ടതില്‍ തൃശ്ശൂരിലെ പരാജയം വലിയ വിമര്‍ശനത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും തോല്‍വിയുടെ കാരണങ്ങളെ കുറിച്ചുള്ള പരാമർശമില്ല.

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പത്തനംതിട്ട ജില്ലയിലെ സി പി ഐ എമ്മിൽ നിന്ന് തന്നെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സി പി ഐ നേതൃത്വം പൊതുവെ സർക്കാറിനെ കുറ്റപ്പെടുത്തുന്ന കാര്യങ്ങൾ ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. എന്നാൽ ഇക്കാര്യങ്ങൾ വിമർശനങ്ങളല്ലെന്നും കാലാകാലങ്ങളിലായി പാർട്ടിയ്ക്കകത്ത് നടക്കുന്ന വിമർശനങ്ങൾ മാത്രമാണെന്നും അത് പാർട്ടി തലത്തിലെ ചർച്ചകൾക്ക് വേണ്ടി മാത്രം അവതരിപ്പിക്കുന്നതാണെന്നും സി പി ഐ നേതൃത്വം വിശദീകരിച്ചു. വിവാദമാക്കുന്നതിന് വേണ്ടിയല്ല കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനത്തിന് വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള വിലയിരുത്തലുകളെന്നാണ് പാർട്ടിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *