തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ബുധനാഴ്ച റെക്കോർഡ് തലത്തിൽ എത്തിയ സ്വർണവിലയിൽ രണ്ടു ദിവസം കൊണ്ട് 1360 രൂപ കുറവ് രേഖപ്പെടുത്തി. ഇന്നലെ പവന് 1000 രൂപ കുറഞ്ഞപ്പോൾ, ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 74000 ത്തിനും താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73680 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 9210 രൂപയിലെത്തി. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 7555 രൂപയും 14 കാരറ്റ് സ്വർണത്തിന്റെ വില 5885 രൂപയുമാണ്. 9 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 3795 രൂപയാണ്. വില വർധനവ് നേരിടാനായി ആളുകള്‍ വാങ്ങുന്ന സ്വർണത്തിന്റെ അളവിൽ മാറ്റം വരുത്തിയിട്ടുണ്ട്. ബജറ്റിനനുസരിച്ച് ഇപ്പോൾ ഭാരം കുറഞ്ഞ സ്വർണാഭരണങ്ങൾക്കാണ് ട്രെൻഡ്. ഗുണനിലവാരം കുറഞ്ഞ ആഭരണങ്ങൾക്കും ആവശ്യക്കാരേറുകയാണ്.
ജൂലൈ 1 ന് ഒരു പവന് 840 രൂപ ഉയർന്ന് വിപണി വില 72160 രൂപ ആയിരുന്നു. പിന്നീട് ജൂലൈ നാലാം തീയതിയാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. ഒരു പവന് 440 രൂപ കുറഞ്ഞു വിപണി വില 72400 രൂപയായി. 22 വരെ കൂടിയും കുറഞ്ഞും നിന്നിരുന്ന സ്വർണ്ണ വിലയിൽ ജൂലൈ 23 ന് ഒരു പവന് 760 രൂപ ഉയർന്ന് വിപണി വില 75040 എന്ന റെക്കോർഡ് വിലയിലെത്തിയിരുന്നു. വ്യാഴാഴ്ച വരെ ഈ ആഴ്ച സ്വർണം ഏകദേശം 2% വില വർധനവാണ് രേഖപ്പെടുത്തിയത്.
ഏപ്രിൽ 22-ന് യുഎസ്-ചൈന വ്യാപാര സംഘർഷത്തെ തുടർന്ന് യുഎസ് ചൈനയ്ക്ക് മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയപ്പോഴും സ്വർണവില പത്ത് ഗ്രാമിന് 1 ലക്ഷം രൂപയിലെത്തിയിരുന്നു. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളും വലിയ നിക്ഷേപകരും സ്വർണം വാങ്ങി കൂട്ടുകയാണെന്നും ഇത് സ്വർണവില ഉയരാൻ കാരണമാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിലക്കയറ്റം തുടർന്നാൽ, 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിക്കും എന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായതിനാൽ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.