എന്തുകൊണ്ട് വ്യക്തി​ഗത വായ്പയേക്കാൾ സ്വർണ വായ്പ മികച്ചതാകുന്നു? ഇക്കാര്യം അറിഞ്ഞിരിക്കണം

വ്യക്തിഗത വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ വായ്പകൾ കുറഞ്ഞ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സ്വർണ വായ്പകൾ വേഗത്തിൽ  അനുവദിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. നിലവിലെ കണക്കനുസരിച്ച് ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്വർണ വായ്പ പലിശ നിരക്ക് ആരംഭിക്കുന്നത് 8.5 ശതമാനത്തിലും 11.5 ശതമാനത്തിലുമാണ്. അതേസമയം വ്യക്തിഗത വായ്പകളിലേക്ക് വരുമ്പോൾ പലിശ നിരക്ക് ആരംഭിക്കുന്നത് 10.5 ശതമാനത്തിലാണ്. ഇത് വ്യക്തികളുടെ ക്രെഡിറ്റ് സ്കോറിനെയും ക്രെഡിറ്റ് ഹിസ്റ്ററിയെയും അടിസ്ഥാനപ്പെടുത്തി 24 ശതമാനം വരെയാകാം. 

ക്രെഡിറ്റ് സ്കോർ കുറഞ്ഞവർക്കും ക്രെഡിറ്റ് ഹിസ്റ്ററി മോശമായവർക്കും പണ ലഭ്യത ഉറപ്പാക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച് വായ്പ രീതിയാണ് സ്വർണ വായ്പകൾ. കാരണം അവ ഈട് നൽകിയുള്ള വായ്പ സംവിധാനമാണ്. പണം ലഭ്യമാകുന്നതിന് ഒരാൾ തന്റെ കൈവശമുള്ള സ്വർണം ഈടായി പണം വായ്പ നൽകുന്ന സ്ഥാപനത്തിന് നൽകുന്നു. വ്യക്തികളുടെ വരുമാനവും ക്രെഡിറ്റ് ഹിസ്റ്ററിയും വായ്പ ദാതക്കൾക്ക് പ്രധാനമല്ല. 

സ്വർണത്തോടൊപ്പം തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖകളും ബാങ്കിലോ സ്വർണ വായ്പ ലഭ്യമാകുന്ന മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിലോ കൊണ്ടുപോയാൽ ഒരു മണിക്കൂറിനുള്ളിൽ വായ്പകൾ അനുവദിച്ച് കിട്ടും. അതിനാൽ സ്വയം തൊഴിൽ ചെയ്യുന്നവരോ കുറഞ്ഞ വരുമാനമുള്ളവരോ ആണെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ സ്വർണ വായ്പകൾ വളരെ ഉപയോഗപ്രദമാകും. അതേസമയം, ആഴത്തിലുള്ള പരിശോധനകളും അംഗീകാരങ്ങളും ഉൾക്കൊള്ളുന്നതിനാൽ വ്യക്തി​ഗത വായ്പകൾ അനുവദിക്കാൻ ഏറെ സമയമെടുക്കും.  

സ്വർണ വായ്പയിൽ സ്വർണത്തിന്റെ മൂല്യം കണക്കാക്കിയാണ് വായ്പ തുക നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ പരിശുദ്ധിയെ ആശ്രയിച്ച് വായ്പ ദാതക്കൾക്ക് അവയുടെ മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പയായി വാഗ്ദാനം ചെയ്യാൻ സാധിക്കും. അതേസമയം വ്യക്തിഗത വായ്പകളുടെ യോഗ്യത നിർണയിക്കുന്നത് ബിസിനസ് വരുമാനത്തിന്റെയോ മാസ ശമ്പളത്തിന്റെയോ അടിസ്ഥാനത്തിലാണ്. 

വ്യക്തിഗത വായ്പകൾക്ക് 12 മുതൽ 60 മാസം വരെയുള്ള നിശ്ചിത ഇഎംഐകളാണ് ഉള്ളത്. എന്നാൽ സ്വർണ്ണ വായ്പകൾക്ക് 6 മുതൽ 12 മാസം വരെയുള്ള വളരെ കുറഞ്ഞ തിരിച്ചടവ് കാലയളവാണുള്ളത്. ചിലത് 24 മാസം വരെ നീണ്ടു നിൽക്കാം. ബുള്ളറ്റ് തിരിച്ചടവ് സൗകര്യങ്ങളും ലഭ്യമാണ്. സ്വർണ വായ്പകൾക്ക് നിരവധി ആനുകൂല്യങ്ങൾ ഉള്ളപ്പോഴും ഉപഭോക്താക്കൾ ചില കാര്യങ്ങൾ കൂടിയുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പണമടയ്ക്കാൻ പരാജയപ്പെട്ടാൽ, സ്വർണ്ണം നഷ്ടപ്പെടുകയും ബാങ്ക് സ്വർണം ലേലം ചെയ്യുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *