തൃശൂർ : വെങ്ങാനല്ലൂരിനടുത്ത് എരുമത്തടം ഫ്രൻഡ്സ് ലെയ്നിൽ പാചകവാതക സിലിൻഡർ ചോർന്നുണ്ടായ തീപിടിത്തത്തിൽ ഭാര്യ മരിച്ചു ,ഭർത്താവിന് പരിക്ക്. തൃക്കോവിൽ വാരിയത്ത് രവീന്ദ്രന്റെ ഭാര്യ ജയശ്രീ ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ള രവീന്ദ്രന്റെ നില അതീവ ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
തിരുവുള്ളക്കാവിനടുത്തുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷത്തിനു പോയി തിരിച്ചെത്തിയശേഷമാണ് തീപ്പിടിത്തം. സിലിൻഡറുകൾ രണ്ടും വീടിനു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. വലിയ പൊട്ടിത്തെറിശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. വീടിനുള്ളിലാകെ തീ പടർന്നു. ഉപകരണങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിനു മുൻവശത്ത് ഉള്ളിലേക്ക് അടയ്ക്കുന്ന സ്റ്റീൽവാതിൽ പുറത്തേക്ക് തള്ളിത്തുറന്ന നിലയിലാണ്. വാതിലിനു സമീപത്തെ ഭിത്തിക്കും വിള്ളലുണ്ട്. സിലിൻഡർ ചോർന്ന് പാചകവാതകം വീടാകെ പടരുകയും ദമ്പതിമാർ വീട്ടിലെത്തിയ ഉടനെ സ്വിച്ചിട്ടപ്പോൾ തീ പിടിക്കുകയും ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരിങ്ങാലക്കുടയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് വീട്ടിലെ തീയണച്ചത്. ഏറെ ദൂരത്തേക്കുവരെ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. രവീന്ദ്രനെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുടയിൽനിന്ന് എസ്എച്ച്ഒ എം.എച്ച്. ഷാജന്റെ നേതൃത്വത്തിൽ പോലീസ്സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.