ഗംഗൈകൊണ്ട ചോളപുരം, പൈതൃക നഗരങ്ങളിലൂടെ ഒരു യാത്ര

തമിഴ് നാട്ടിലെ അരിയല്ലൂർ ജില്ലയിലാണ് ഗംഗൈകൊണ്ട ചോളപുരം സ്ഥിതി ചെയ്യുന്നത്. യുനെസ്കയുടെ ലോക പൈതൃക നഗരങ്ങളിൽ ഒന്നായ ഇത് ചോള സാമ്രാജ്യത്തിന്റെ മഹത്വത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. ആറ് ഏക്കറിലായി പരന്നു കിടക്കുന്ന ബൃഹദീശ്വര ക്ഷേത്രം ഉൾപ്പെടുന്ന ചരിത്ര നഗരം ഒരു കാലത്ത് ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളി ലൊന്നായ ഇവിടെ ശിവനാണ് പ്രധാന ദേവത. കവാടം കടന്ന് ഉള്ളിലെത്തിയാൽ മറ്റൊരു ലോകത്തെത്തിയത് പോലെ തോന്നും. കല്ലിൽ തീർത്ത വിസ്മയം, നിർമ്മിച്ചിട്ട് ആയിരം വർഷമായിട്ടുണ്ടെങ്കിലും പ്രൗഢിയൊട്ടും ചോരാതെ തന്നെ ഇപ്പോഴും സംരക്ഷിച്ചിരിക്കുന്നു

ചോളസാമ്രാജ്യത്തിനു പുതിയ മുഖം നൽകിയ രാജാവായ രാജരാജന്‍ ഒന്നാമന്റെ മകനായ രാജേന്ദ്ര ചോളൻ ഒന്നാമനാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. തന്റെ സാമ്രാജ്യം ഗംഗാതീരം വരെ വ്യാപിപ്പിച്ചതിനാലാണ് ഗംഗൈകൊണ്ട ചോളൻ എന്ന പേരു ലഭിച്ചതെന്നും അതല്ല, ഗംഗാജലം ഒരു പാത്രത്തിലാക്കി ഈ പ്രദേശത്തെ ജലാശയത്തിൽ ഒഴിച്ചതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. ഗംഗൈകൊണ്ട ചോളപുരം എന്ന പട്ടണം സ്ഥാപിച്ച് തഞ്ചാവൂരിൽനിന്നു ചോളസാമ്രാജ്യത്തിന്റെ തലസ്ഥാനം ഇവിടേക്കു മാറ്റിയതും ഇദ്ദേഹമാണ്. പിന്നീട് 250 വർഷത്തോളം ചോളവംശത്തിന്റെ ആസ്ഥാനമായിരുന്ന ഇവിടം.

ഗംഗൈകൊണ്ട ചോളന്റെ പിതാവ് രാജരാജ ചോളൻ പണി കഴിപ്പിച്ച തഞ്ചാവൂർ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതത്. തഞ്ചാവൂരിനേക്കാൾ വലുതാണ് ഇവിടുത്തെ ശിവലിംഗവും നന്ദി പ്രതിമയും. തഞ്ചാവൂരിലെ ശിവലിംഗത്തിന് 12.5 അടിയും ഇവിടുത്തെ ശിവലിംഗം 13.5 അടിയുമാണ് ഉള്ളത്.

ക്ഷേത്രത്തിന് പുറത്ത് സിംഹമുഖമുള്ള ഒരു പ്രവേശനകവാടവും സമീപത്തായി ഒരു കിണറും കാണാം. പണ്ട് ബാണാസുരന് പുണ്യ നദിയായ ഗംഗയിൽ സ്നാനം ചെയ്യുവാൻ സാധിച്ചില്ല. തുടർന്ന് അദ്ദേഹം ഗംഗ ദേവിയെ തപസ്സുചെയ്തു ഇവിടുത്തെ കിണറ്റിലെത്തിച്ചു എന്നാണ് വിശ്വാസം. ദക്ഷിണേന്ത്യയിലെ ചോള സാമ്രാജ്യത്തിന്റെയും തമിഴ് നാഗരികതയുടെയും വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് മൂന്ന് മഹാ ചോള ക്ഷേത്രങ്ങൾ .

യുനെസ്‌കോയുടെ ലോക പൈതൃക സ്‌മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇവിടുത്തെ മറ്റു ക്ഷേത്രങ്ങളാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, ഐരാവതേശ്വര ക്ഷേത്രം എന്നിവ. തീർഥാടനകേന്ദ്രം എന്നതിലുപരി സഞ്ചാരികൾ കണ്ടിരിക്കേണ്ട പൈതൃക സ്മാരകങ്ങളാണ് ദ ഗ്രറ്റ് ലിവിങ് ചോള ക്ഷേത്രങ്ങൾ എന്നറിപ്പെടുന്ന ഈ ക്ഷേത്രങ്ങൾ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണ യിലാണെങ്കിലും ദൈനംദിന പൂജകൾക്കും അനുഷ്ഠാന ങ്ങൾക്കും ഇവിടെ മുടക്ക മൊന്നുമില്ല.

നവംബർ മുതൽ മാർച്ച്‌ വരെയാണ് ഇവിടെ സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം. അരിയല്ലൂർ ബസ്സ്റ്റാൻഡിൽ നിന്നും 45 കിലോമീറ്ററും കുംഭ കോണത്തു നിന്ന് 35 കിലോമീറ്ററു മാണ് ഇവിടേക്കുള്ള ദൂരം. അടുത്തുള്ള വിമാനത്താവളം 290 കിലോമീറ്റർ അകലെ ഉള്ള ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളമാണ്. കുറ്റാലംറെയിൽവേ സ്റ്റേഷൻ വഴിയും ഇവിടേക്ക് എത്തിച്ചേരാം.

Leave a Reply

Your email address will not be published. Required fields are marked *