കൊല്‍ക്കത്തയില്‍ വീണ്ടും കൂട്ട ബലാല്‍സംഗം; പ്രതികള്‍ നിയമ വിദ്യാര്‍ത്ഥികള്‍; മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ലോ കോളേജില്‍ വിദ്യാര്‍ഥി കൂട്ട ബലാത്സംഗത്തിനിരയായി. പ്രതികള്‍ രണ്ട് പേര്‍ ലോ കോളേജിലെ വിദ്യാര്‍ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ഥിയുമാണ്. മൂന്ന് പേരെയും പൊലീസ് പിടികൂടി. പെണ്‍കുട്ടിയെ കോളേജിലെ സ്റ്റുഡന്‍സ് യൂണിയന്‍ റൂമിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ബലാത്സംഗം. മുഖ്യപ്രതി മന്‍ജോഹിത് മിശ്ര തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി നേതാവാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി .
ഇക്കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് 7.30നും രാത്രി 10.30നും ഇടയിലാണ് സൌത്ത് കൊല്‍ക്കത്ത ലോ കോളേജിനുള്ളില്‍ ക്രൂരമായ ബലാത്സം നടന്നത്. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനെന്ന വ്യാജേന പെണ്‍കുട്ടിയെ പ്രതികള്‍ സ്റ്റുഡന്‍സ് യൂണിയന്‍ റുമിലേക് വിളിച്ച് വരുത്തുകയായിരുന്നു.
യൂണിയന്‍ റൂമിലെത്തിയ പെണ്‍കുട്ടിയോട് മുഖ്യപ്രതി മന്‍ജോഹിത് മിശ്ര വിവാഹാഭ്യര്‍ഥന നടത്തി. വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ പ്രതികള്‍ അക്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ലോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ മന്‍ജോഹിത് മിശ്ര, വിദ്യാര്‍ഥികളായ സൈബ് അഹ്‌മദ്, പ്രമിത് മുഖോപാധ്യായ എന്നിവരെ പൊലീസ് പിടികൂടി. ആലിപൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
മുഖ്യപ്രതി മന്‍ജോഹിത് മിശ്ര തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന നേതാ വാണ്. മന്‍ജോഹിത് തൃണമൂല്‍ നേതാക്കള്‍ക്കൊപ്പം നില്‍കുന്ന ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു. ബലാത്സംഗത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനെന്നും മമത ബാനര്‍ജി രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബലാത്സംഗത്തിനെതിരെ കേന്ദ്രം പ്രത്യേക നിയമം നിര്‍മിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സൗത്ത് കൊല്‍ക്കത്ത ലോ കോളേജിനോട് കൊല്‍ക്കത്ത യൂണിവേഴ്സിറ്റി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന് ഒരു വര്‍ഷം തികയും മുന്‍പാണ് കൊല്‍കത്തയില്‍ വീണ്ടും ക്രൂരമായ ബലാത്സംഗം നടന്നത്. ബലാത്സംഗത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ തെരുവിലിറങ്ങി.
എത്രയും പെട്ടന്ന് നിയമഭേദഗതി പ്രാബല്യത്തില്‍ വരണമെന്നും. അതിന് കഴിയില്ലെങ്കില്‍ മംമ്ത നിലപാട് വ്യക്തമാക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. തുടര്‍ച്ചയായുള്ള ഇത്തരം കേസുകള്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *