ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ പുതിയ തലത്തിലേക്ക്. സാന്ദ്രാ തോമസിനെതിരെ ഫ്രൈഡേ ഫിലിം ഹൌസ് ഉടമയും നിർമാതാവുമായ വിജയ് ബാബു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയിരുന്നു. അതിന് പിന്നാലെ നേരത്തെ ചെയ്ത ചിത്രങ്ങളുടെ സെൻസർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരത്തി തന്റെ യോഗ്യത സാന്ദ്രാ തോമസ് ആവർത്തിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് വിജയ്ബാബു ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. ഫ്രൈഡേ ഫിലിം ഹൌസിനെ പ്രതിനിധീകരിച്ച് സാന്ദ്രതയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആവില്ലെന്ന് പറഞ്ഞാണ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഒരു വ്യക്തിക്കല്ല, കമ്പനിക്കാണ് സെർസർ എന്ന് പറയുന്ന പോസ്റ്റിൽ കഴിഞ്ഞ പത്ത് വർഷമായി സാന്ദ്രതയ്ക്ക് ഫ്രൈഡേ ഫിലിം ഹൌസുമായി യാതൊരു ബന്ധവുമില്ലെന്നും സ്വന്തം നിലക്ക് മത്സരിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും വിജയ് ബാബു പറയുന്നു.
വിജയ് ബാബുവിന്റെ ഫേസബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ സാന്ദ്ര തോമസ് മറുപടിയുമായി എത്തി. വിജയ് ബാബുവിന്റെ പേരെടുത്ത് പറഞ്ഞ് തന്നെയുള്ള വിമർശനമായിരുന്നു സാന്ദ്ര ഉന്നയിച്ചത്. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറിൽ തന്റെ കാലത്ത് നിർമിച്ച ചിത്രത്തിന്റെ അവകാശം തനിക്ക് കൂടിയാണ് എന്നാണ് സാന്ദ്രതയുടെ അവകാശ വാദം. നിലവിലെ ബൈലോ അനുസരിച്ച് തനിക്ക് മത്സരിക്കാം എന്നുംഅവർ പറയുന്നു. ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തുവരുന്നു എന്ന് പറഞ്ഞാണ് സാന്ദ്ര മറുപടിയിട്ടത്.
അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന് ഇനി നാല് ദിവസം കൂടിയാണ് അവശേഷിക്കുന്നത്. പത്രിക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് സമർപ്പിച്ച ഹർജിയിൽ കോടതി നാളെ വിധി പറയും. സംഘടനയുടെ ബൈലോ അനുസരിച്ച് മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റുള്ള ആർക്കും മത്സരിക്കാമെന്നാണ് നിബന്ധന.രണ്ട് സർട്ടിഫിക്കറ്റ് മാത്രമേ ഉള്ളൂ എന്ന് കാണിച്ചാണ് സാന്ദ്രതയുടെ പത്രിക തള്ളിയത്. സാന്ദ്ര ഹാജരാക്കിയ ചിത്രങ്ങളുടെ പട്ടികയി ഒരെണ്ണം ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറിലുള്ളതാണ്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് വിജയ് ബാബുവിന്റെ വാദം. ഇതേ കാര്യമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പറയുന്നത്.
മുൻപ് ഫ്രൈഡേ ഫിലിം ഹൌസ് എന്ന കമ്പനിയുടെ ബാനറിൽ വിജയ് ബാബുവും സാന്ദ്രയും ഒരുമിച്ചായിരിന്നു നിർമാണം. എന്നാൽ പിന്നീട് കമ്പനിയുടെ ഉടമസ്ഥാവകാശം കോടതി മുഖാന്തിരം വിജയ് ബാബു നേടി.