ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുക, കാഴ്ച മങ്ങുക; ഈ പ്രമേഹ ലക്ഷണങ്ങൾ അവഗണിക്കരുത്

പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമാണ്. പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ വളരെ നിശബ്ദമായാണ് പ്രമേഹം കടന്നുവരാറുള്ളത്. ശരീരഭാരത്തെയും ഊർജനിലയെയും മാത്രമല്ല, ഹൃദയാരോഗ്യം, വൃക്കകളുടെ പ്രവർത്തനം, കാഴ്ചശക്തി എന്നിവയെ പ്രമേഹം ബാധിക്കുന്നുണ്ട്. മോശം ഭക്ഷണശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, അനിയന്ത്രിതമായ സമ്മർദം എന്നിവയെല്ലാം പ്രമേഹ ബാധിതരുടെ എണ്ണം വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.

പ്രമേഹം എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. പ്രമേഹത്തിന്റെ ഏറ്റവും അപകടകരമായ വശങ്ങളിലൊന്ന്, അവബോധ കുറവാണ്. പലരും പ്രമേഹ ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ഒരുപരിധിവരെ രോഗത്തെ തടഞ്ഞുനിർത്താൻ സാധിക്കും. പ്രമേഹമാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക

‍അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നത് രക്തത്തിലെ പഞ്ചസാര ഉയരുന്നതിന്‍റെ മുന്നറിയിപ്പാണ്. പ്രമേഹത്തിന്‍റെ തോത് ഉയരുന്നത് അനുസരിച്ച് ഇതിന്‍റെ ആവൃത്തി വര്‍ധിക്കാം.

  1. കാഴ്ച മങ്ങുക

കാഴ്ച മങ്ങുന്നത് പ്രമേഹത്തിന്റെ പ്രാരംഭലക്ഷണങ്ങളിൽ ഒന്നാണ്. രക്തത്തിലെ പഞ്ചസാര ഒരു ഘട്ടം കഴിയുമ്പോൾ കണ്ണിലേക്കുള്ള നാഡീവ്യൂഹങ്ങളെ ബാധിച്ച് കാഴ്ചനഷ്ടത്തിന് കാരണമാകും. ഇതിന് മുന്നോടിയായാണ് കാഴ്ച മങ്ങുന്നത്.

  1. വിട്ടുമാറാത്ത ക്ഷീണം

നന്നായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടും ക്ഷീണം വിട്ടുമാറുന്നില്ലെങ്കിൽ പ്രമേഹ പരിശോധന നടത്തണം. ക്ഷീണം മാറുന്നില്ലെങ്കിൽ ആരോഗ്യവിദഗ്ധന്റെ സഹായം തേടി വേണ്ട പരിശോധനകള്‍ നടത്തണം.

  1. മുറിവ് ഉണങ്ങാൻ താമസം

ചെറിയ ഒരു മുറിവ് ദിവസങ്ങൾക്കുള്ളിൽ ഉണങ്ങും. എന്നാൽ പ്രമേഹരോഗികളിൽ മുറിവ് ഉണങ്ങാൻ കാലതാമസം ഉണ്ടാകാറുണ്ട്. ഇത് പ്രമേഹമുണ്ടെന്നതിന്റെ സൂചനയാണ്.

  1. അകാരണമായി ശരീര ഭാരം കുറയുക

ശരീരഭാരം കാരണമില്ലാതെ കുറയുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. പ്രത്യേകിച്ച് വ്യായാമമോ ഭക്ഷണനിയന്ത്രണോ ഇല്ലാതെ തന്നെ ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. ഇത് പ്രമേഹം കൊണ്ടാവാം.

ചെയ്യേണ്ടത് എന്തൊക്കെ?

പ്രമേഹ ലക്ഷണങ്ങളെ ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രക്തപരിശോധന, എ1സി, ഫാസ്റ്റിങ്ങിലെ ഗ്ലൂക്കോസ്, ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് തുടങ്ങിയ പരിശോധനകൾ നടത്തണം. പതിവ് ദിചര്യയിൽ നടത്തം ഉൾപ്പെടുത്തുക. യോഗ, നൃത്തം ഇവയും പരിശീലിക്കാം. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. മധുരപാനീയങ്ങൾ ഒഴിവാക്കുക. ശരിയായ ഉറക്കം ലഭിക്കാനും സമ്മർദം നിയന്ത്രിക്കാനും ശ്രദ്ധിക്കണം. ജീവിതശൈലി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ പ്രമേഹം വരാതെ തടയാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *