ബാങ്കുദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കൊച്ചി മഞ്ഞുമ്മലിലെ യൂണിയൻ ബാങ്ക് ജീവനക്കാരിക്കാണ് വെട്ടേറ്റത്. ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ഇന്ദു കൃഷ്ണയക്കാണ് സാരമായി പരിക്കേറ്റത്. ഇന്ദുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത് ബാങ്കിലെ മുൻ അപ്രൈസറായിരുന്ന സെന്തിൽ കുമാറാണ്. ഇറച്ചിവെട്ടുന്ന കത്തികൊണ്ടുള്ള വെട്ടേറ്റ് ഇന്ദുവിന്റെ വലത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു. കവിളിലും പുറത്തും മുറിവേറ്റ ഇന്ദു ചേരാനെല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലാണ്. ഇന്ദുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് ശേഷം ആത്മഹത്യക്കു ശ്രമിച്ച കൊടുങ്ങല്ലൂര്‍ പത്താഴശ്ശേരി ടി.കെ.എസ്. പുരം സ്വദേശിയായ സെന്തില്‍കുമാറും ആശുപത്രിയില്‍ ചികിത്സയിലാണ്.
മാവേലിക്കര സ്വദേശിയാണ് ഇന്ദു. ബാങ്കിലെ അപ്രൈസറായിരുന്ന സെന്തില്‍കുമാറിനെ അടുത്തയിടെ പിരിച്ചുവിട്ടിരുന്നു. ജോലി പോകാന്‍ കാരണക്കാരി ഇന്ദുവാണെന്ന ധാരണയിലായിരുന്നു സെന്തിൽകുമാറിന്റെ ആക്രമണം. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ബൈക്കിലെത്തിയ സെന്തില്‍ ബാങ്കിനകത്ത് അതിക്രമിച്ച് കയറിയശേഷം ജോലി ചെയ്തുകൊണ്ടിരുന്ന ഇന്ദുവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബാങ്കിലെ മറ്റു ജീവനക്കാര്‍ ഓടിയെത്തിയാണ് സെന്തില്‍ കുമാറിനെ പിടിച്ചുമാറ്റിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചെടുത്ത് പൊലീസിൽ ഏൽപ്പിച്ചതും മറ്റ് ജീവനക്കാരാണ്.
പരിക്കേറ്റ ഇന്ദുവിനെ ആദ്യം തൊട്ടടുത്തുള്ള മഞ്ഞുമ്മലിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇതേ സമയത്ത് തന്നെ സെന്തില്‍കുമാര്‍ മറ്റൊരു ചെറുകത്തിയുമായി കക്കൂസിൽ കയറി വാതിലടച്ചശേഷം നെഞ്ചത്ത് കുത്തിയും കൈകളില്‍ വെട്ടിയും ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ബോധരഹിതനായി കണ്ടെത്തിയ സെന്തിൽ കുമാറിനെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ പി.എസ്. ഷിജു സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഏലൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സജീവമാണ് കേസ് അന്വേഷിക്കുന്നത്. സെന്തില്‍കുമാറിനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിന്ദുവിന്റെ ആരോഗ്യ നില പരിശോധിച്ചശേഷം വിശദമായി മൊഴെയെടുത്ത ശേഷം അന്വേഷണം തുടരാനാണ് നീക്കം. ചികിത്സയിലുള്ള സെന്തിൽകുമാരിന്റെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തും