മലബന്ധം വളരെ സാധാരണമായൊരു പ്രശ്നമാണ്. ഭക്ഷണത്തിൽ നാരുകളുടെയോ ജലാംശത്തിന്റെയോ കുറവുണ്ടാകുമ്പോഴാണ് മലബന്ധ പ്രശ്നം ഉണ്ടാകുന്നത്. പലപ്പോഴും മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ മലബന്ധം അകറ്റാൻ കഴിയും. ഇതിനായി ദൈനംദിന ഭക്ഷണകാര്യത്തിൽ ശ്രദ്ധ പുലർത്തിയാൽ മതിയാകും. മലബന്ധം മാറാൻ രാവിലെ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും നോക്കാം.
രാവിലെ കഴിക്കേണ്ട ഭക്ഷണങ്ങൾ
- ചെറുനാരങ്ങ ചേർത്ത ചൂടുവെള്ളം: ചായയോ കാപ്പിയോ കുടിക്കുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചെറുനാരങ്ങ ചേർത്ത ചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ഇത് ശരീരത്തെ ജലാംശം നിലനിർത്താനും ദഹനത്തെ ഉത്തേജിപ്പിക്കാനും മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
- കുതിർത്ത ഉണക്കമുന്തിരി അല്ലെങ്കിൽ അത്തിപ്പഴം: 6 മുതൽ 8 വരെ കറുത്ത ഉണക്കമുന്തിരി അല്ലെങ്കിൽ 2 ഉണങ്ങിയ അത്തിപ്പഴം രാത്രി മുഴുവൻ കുതിർത്ത് വെറും വയറ്റിൽ കഴിക്കുക. ഈ പഴങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി മലം മൃദുവക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
- പപ്പായ അല്ലെങ്കിൽ പഴുത്ത വാഴപ്പഴം: പപ്പായയിൽ പ്രോട്ടീൻ തകർക്കാൻ സഹായിക്കുന്നതും സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ എൻസൈമായ പപ്പെയ്ൻ അടങ്ങിയിട്ടുണ്ട്. പഴുത്ത വാഴപ്പഴത്തിൽ നാരുകളും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കുടലിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
- ചൂടുള്ള പാലിനൊപ്പം നെയ്യ്: പ്രഭാതഭക്ഷണത്തിന് മുമ്പോ ഉറങ്ങാൻ പോകുമ്പോഴോ ഒരു ഗ്ലാസ് ചൂടുള്ള പാലിൽ ഒരു ടീസ്പൂൺ നെയ്യ് കലർത്തി കുടിക്കുക. ദഹനം എളുപ്പമാക്കുന്നതിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്. പാലിലെ ലാക്ടോസ് പതിവ് മലവിസർജ്ജനം പ്രോത്സാഹിപ്പിക്കും.
- രാത്രി മുഴുവൻ കുതിർത്ത ചിയ സീഡ്സ്: ചിയ സീഡ്സ് കുതിർക്കുമ്പോൾ ജെൽ പോലെയാകും, ഇത് മലം മൃദുവാക്കാൻ സഹായിക്കുന്നു. ഒരു സ്പൂൺ ചിയ സീഡ്സ് വെള്ളത്തിലോ ബദാം മിൽക്കിലോ രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക, രാവിലെ കഴിക്കുക. ഇത് പതിവ് മലവിസർജ്ജനത്തിന് സഹായിക്കും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വൈറ്റ് ബ്രെഡ് അല്ലെങ്കിൽ റിഫൈൻഡ് കാർബോഹൈഡ്രേറ്റ്: ഇവയിൽ നാരുകൾ വളരെ കുറവാണ് അല്ലെങ്കിൽ ഒട്ടും തന്നെയില്ല, മാത്രമല്ല മലവിസർജ്ജനം മന്ദഗതിയിലാക്കുകയും ചെയ്യും.
അധിക കഫീൻ: ഒരു കപ്പ് കാപ്പി കുഴപ്പമില്ലെങ്കിലും, അമിതമായാൽ നിർജ്ജലീകരണത്തിന് കാരണമാകും.
വറുത്തതോ കനത്തതോ ആയ ഭക്ഷണങ്ങൾ: പക്കോഡകൾ, സമൂസകൾ അല്ലെങ്കിൽ എണ്ണമയമുള്ള പ്രഭാതഭക്ഷണങ്ങൾ എന്നിവ ദഹനവ്യവസ്ഥയെ തകരാറിലാക്കും
റെഡ് മീറ്റ്: നാരുകൾ കുറവും ദഹിക്കാൻ ഒരുപാട് സമയവും വേണ്ടി വരുന്ന റെഡ് മീറ്റ് അതിരാവിലെ ഒഴിവാക്കുന്നതാണ് നല്ലത്.
തണുത്ത പാലുൽപ്പന്നങ്ങൾ: രാവിലെ ആദ്യം തണുത്ത പാലോ തൈരോ കഴിക്കുന്നത് ചില വ്യക്തികളിൽ കുടലിന്റെ പ്രവർത്തനത്തെ തകരാറിലാക്കും.