ട്രോളിങ് നിരോധനം അവസാനിക്കുമ്പോൾ കടലിൽ കാത്തിരിക്കുന്നത് കണ്ടെയ്നറുകളോ?

കൊച്ചി: 52 ദിവസം നീണ്ട ട്രോളിങ് നിരോധനം 31ന് അർധരാത്രി അവസാനിക്കാനിരിക്കെ മൽസ്യത്തൊഴിലാളികൾ ആശങ്കയിലാണ്. കൊച്ചിയിലും അഴീക്കലും അപകടത്തിൽപെട്ട കപ്പലുകളിലെ കണ്ടെയ്നറുകൾ പലതും കടലിന്റെ അടിത്തട്ടിൽ കിടക്കുന്നുണ്ട്. ഇത് കടലിൽ മത്സ്യബന്ധനത്തിന് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. മീൻ പിടിക്കാൻ വിരിക്കുന്ന വല കണ്ടെയ്നറുകളിൽ ഉടക്കി നശിക്കാൻ ഇടയാകും എന്നതാണ് ആശങ്ക. കപ്പലുകളിൽ നിന്നു കടലിൽ പതിച്ച കണ്ടെയ്നറുകൾ അടിയന്തരമായി നീക്കം ചെയ്യണം എന്ന ആവശ്യം ശക്തമായി. കടലിന്റെ അടിത്തട്ടിൽ കണ്ടെയ്നറുകൾ ഉള്ള സ്ഥലങ്ങൾ നിർണയിച്ച് ജിപിഎസ് പൊസിഷൻ മത്സ്യത്തൊഴിലാളികളെ അറിയിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

എം.എസ്.സി. എൽസ 3 എന്ന ചരക്ക് കപ്പൽ മുങ്ങിയതിനെത്തുടർന്ന് കണ്ടെയ്‌നറുകൾ തീരത്തേക്ക് ഒഴുകി എത്തുകയും, ഇത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായി ത്തീരുകയും ചെയ്തു. ഇതിൽ 643 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നു. അതിൽ പലതും അപകടകരമായ രാസവസ്തുക്കൾ അടങ്ങിയതായിരുന്നു. മേയ് 25നാണ് എംഎസ്‍സി എൽസ 3 എന്ന ചരക്കുകപ്പൽ തോട്ടപ്പിള്ളിയിൽനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ വച്ച് മുങ്ങുന്നത്.

ആശങ്കകൾക്കിടയിലും മത്സ്യബന്ധന ഹാർബറിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ജെട്ടിയിലും ചാലിയാറിലെ സുരക്ഷിത കേന്ദ്രങ്ങളിലും നിർത്തിയിട്ടിന്ന ബോട്ടുകൾ കടലിൽ പോകാൻ സജ്ജമായിക്കഴിഞ്ഞു. ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. മികച്ച കാലവർഷം ലഭിച്ചതിനാൽ മത്സ്യസമ്പത്ത് കൂടാൻ സാധ്യതയേറെയാണ്. വല നിറയെ മീനുമായി മടങ്ങാം എന്ന ആത്മവിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ.

ഏതാണ്ട് 400 ബോട്ടുകളാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്നത്. 31ന് രാത്രി കഴിയുന്നത്ര ബോട്ടുകൾ കടലിൽ പോകും. അതേസമയം കഴിഞ്ഞ സീസൺ മോശമായതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾ വായ്പയെടുത്തും ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയും ബോട്ടുകൾ കടലിൽ ഇറക്കാനുള്ള പരിശ്രമത്തിലാണ്.

മത്സ്യങ്ങളുടെ പ്രജനന കാലമായ മൺസൂണിലെ ആഴക്കടൽ മത്സ്യബന്ധനം തടഞ്ഞ് മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്. തങ്കശേരി, അഴീക്കൽ തുറമുഖങ്ങളിൽ ട്രോളിംഗ് സമയത്തു കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നീണ്ടകര തുറമുഖത്ത് ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത വള്ളങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *