തിരുവനന്തപുരം : കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് ചൊവ്വാഴ്ച തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ് . 6.75 കോടി രൂപയാണ് നിർമ്മാണച്ചിലവ് .അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതിയും ലഭ്യമായി. ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമായ ജൂലൈ 15ന് ഉദ്‌ഘാടനം നടക്കും. നിലവിൽ രാജ്യത്താകമാനം 22 സ്കിൻ ബാങ്കുകളാണ് ഉള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, ഒറീസ, മധ്യപ്രദേശ്, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിലാണ് സ്കിൻ ബാങ്കുകൾ പ്രവർത്തിക്കുന്നത്. പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം ഒരുക്കുക എന്നതാണ് സ്കിൻ ബാങ്കിന്റെ ലക്‌ഷ്യം.
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം ഏഴു ദശലക്ഷം ആളുകൾക്കു പൊള്ളലേറ്റു പരിക്കുണ്ടാവുന്നുണ്ട്, ഏകദേശം 140,000 പേർ മരിക്കുകയും 240,000 പേർക്ക് പൊള്ളലിനെ തുടർന്നുള്ള വൈകല്യം സംഭവിക്കുകയും ചെയ്യുന്നു. പൊള്ളലേറ്റവരിൽ വലിയൊരു ശതമാനം സ്ത്രീകളും കുട്ടികളുമാണ്, ഇവരിൽ ഭൂരിഭാഗം പേരും താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനമുള്ള വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ തലത്തിൽ സ്കിൻ ബാങ്കുകളുടെ ആവശ്യകത ഉയർന്നു വരുന്നത്. കോട്ടയം മെഡിക്കൽ കോളേജിലും സ്കിൻ ബാങ്ക് തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
എന്താണ് സ്കിൻ ബാങ്ക്?
ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങള്‍ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളില്‍ നിന്ന് ശേഖരിക്കുന്ന ചര്‍മ്മം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിന്‍ ബാങ്ക്.
അപകടങ്ങളില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്ക് അവരുടെ സ്വന്തം ചര്‍മ്മം ഉപയോഗിക്കാന്‍ സാധിക്കാതെ വരുമ്പോള്‍, സ്‌കിന്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ചര്‍മ്മം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കാൻ സാധിക്കും. ഇതിലൂടെ രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും കഴിയും .പുതിയ ചർമവുമായി ശരീരം വേഗത്തില്‍ സുഖം പ്രാപിക്കാനും ജീവന്‍ രക്ഷിക്കാനും സഹായിക്കും പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് സ്കിൻ ബാങ്കുകളിൽ ചര്‍മ്മം സംരക്ഷിക്കപ്പെടുന്നത്.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ, കണ്ണൂര്‍, കൊല്ലം ,തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളേജുകൾ , എറണാകുളം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ബേണ്‍സ് യൂണിറ്റുകള്‍ പ്രവർത്തിക്കുന്നുണ്ട് . 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേണ്‍സ് ഐസിയുവിലൂടെ നല്‍കുന്നത്.
പ്രവർത്തനം എങ്ങനെ?
ശരീരത്തിന്റെ താപനില നിലനിർത്താനും, ജലത്തിന്റെയും പോഷകങ്ങളുടെയും നഷ്ടം നിയന്ത്രിക്കാനും, അണുബാധയിൽ നിന്നും ശാരീരിക നാശത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനുമുള്ളതാണ് ചർമ്മം . പൊള്ളലേറ്റാൽ അല്ലെങ്കിൽ ആഘാതത്തിൽ ചർമ്മം വ്യാപകമായി നഷ്ടപ്പെടുമ്പോൾ ശരീരത്തിന് താപനില നിലനിർത്താൻ കഴിയാതെ വരികയും, ജലനഷ്ടം നിയന്ത്രിക്കാൻ കഴിയാതെ വരികയും, അത്തരം സന്ദർഭങ്ങളിൽ അണുബാധയ്ക്ക് സാധ്യത കൂടുകയും ചെയ്യുന്നു. ഇത് ഒടുവിൽ സെപ്സിസിനും മരണത്തിനും കാരണമാകുന്നു. ഗുരുതരമായ പൊള്ളലേറ്റാൽ ശരീരത്തിലെ മറ്റൊരു ഭാഗത്ത് നിന്ന് ചർമ്മം കടമെടുക്കാൻ കഴിയില്ല, കാരണം ദാതാവിന്റെ സ്കിൻ ഏരിയ കുറവാണ്. അതിനാൽ ശസ്ത്രക്രിയ നടത്തി മോശം വന്ന ചർമ്മം നീക്കം ചെയ്യുകയും സ്കിൻ ബാങ്കിൽ നിന്ന് ചർമ്മം എടുത്തു ആ ഭാഗം മൂടുകയും ചെയ്യുന്നു . ഇത് അണുബാധയുടെ നിരക്ക്, ജലനഷ്ടം കുറയ്ക്കാനും ശരീര താപനില നിലനിർത്താനും സഹായിക്കുന്നു, അത്തരത്തിൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുന്നു.
ദാതാക്കൾ ആരെല്ലാം?
മരണം സംഭവിച്ച് ആറു മണിക്കൂറിനുള്ളിൽ തൊലി എടുക്കാം. എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, സി, ടിബി, മഞ്ഞപ്പിത്തം, ലൈംഗികമായി പകരുന്ന രോഗങ്ങൾ, ത്വക്ക് കാൻസർ, സജീവമായ ത്വക്ക് രോഗം, സെപ്‌റ്റിസീമിയ എന്നിവ ബാധിച്ച വ്യക്തിയുടെ ചർമ്മം ദാനത്തിന് അനുയോജ്യമല്ല. ചർമ്മം ശേഖരിക്കുന്ന സമയത്ത്, മരിച്ചയാളുടെ രക്ത സാമ്പിൾ എടുക്കുകയും എച്ച്ഐവി, വൈറൽ മാർക്കറുകൾ, ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്കായി ആവശ്യമായ പരിശോധനകൾ സ്കിൻ ബാങ്കിൽ നടത്തുകയും ചെയ്യുന്നു. കാലുകൾ, തുടകൾ, പുറം എന്നിവയിൽ നിന്നാണ് തൊലി എടുക്കുന്നത്. ചർമ്മം പ്രോസസ്സ് ചെയ്യാൻ ഏകദേശം ആറു ആഴ്ച എടുക്കും.ദാനം ചെയ്ത ചർമ്മം സ്കിൻ ബാങ്കിൽ അഞ്ചു വർഷത്തേക്ക് സൂക്ഷിക്കാം.