ദുരന്തത്തിന് ശേഷമുള്ള എയര്‍ ഇന്ത്യയുടെ ആദ്യ സര്‍വീസ് മുടങ്ങി, വിമാനത്തിന് സാങ്കേതിക തകരാര്‍

കഴിഞ്ഞയാഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് എ ഐ 159 പറന്നുയരേണ്ടിയിരുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ 12-ാം തീയതിയായിരുന്നു രാജ്യത്തെ നടുക്കിയ വിമാനദുരന്തം. എ ഐ 171 വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. ഇതുകൂടാതെ വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 33 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. അപകടത്തിന് പിന്നാലെ 171 എന്ന ഫ്ളൈറ്റ് നമ്പര്‍ എയര്‍ ഇന്ത്യ ഒഴിവാക്കുകയും അതിന് പകരം എഐ 159 എന്ന നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. അപകടത്തിനുശേഷം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേയ്ക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *