ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് എക്സ് ഹാന്ഡിലിൽ പോസ്റ്റിട്ട കര്‍ണാടക ബിജെപിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എ ഐ സഹായത്തോടെ ആണ് വീഡിയോ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ഇന്ദിര എന്നാല്‍ ഇന്ത്യയെന്നല്ല, ഇന്ദിര എന്നാല്‍ ഹിറ്റ്‌ലര്‍ എന്നാണ് എന്ന അടിക്കുറിപ്പോടെയാണ് ബിജെപി അപകീര്‍ത്തികരമായ എ ഐ വീഡിയോ അവരുടെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ചത്. 38 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോയില്‍ ഇന്ദിരാ ഗാന്ധിയുടെ മുഖത്ത് ഹിറ്റ്‌ലറുടേതിന് സമാനമായ മീശയും എ ഐ ഉപയോഗിച്ച് ചേര്‍ത്തിട്ടുണ്ട്. ‘ഇന്ന് ഞാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യം എന്റെ അധീനതയില്‍ ആക്കുകയും ചെയ്യുന്നു’ എന്ന് വീഡിയോയില്‍ ഇന്ദിരാ ഗാന്ധി പറയുന്നുണ്ട്.
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) ജനറല്‍ സെക്രട്ടറി എസ് മനോഹര്‍ ആണ് വീഡിയോയ്‌ക്കെതിരെ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മുന്‍ പ്രധാനമന്ത്രിയെ അവഹേളിക്കാനും സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ലക്ഷ്യമിട്ടുളള വീഡിയോയാണ് ഇതെന്ന് എസ് മനോഹര്‍ ആരോപിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 191 (കലാപമുണ്ടാക്കാനുളള ഉദ്ദേശത്തോടെയുളള പ്രകോപനം), 353 (പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രസ്താവനകള്‍) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.