താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ള താരമാണ് ശ്വേത മേനോന്. വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവ സാന്നിധ്യമായ ശ്വേത സംഘടന തിരഞ്ഞെടുപ്പില്‍ ജയിക്കാനും സാധ്യതയുണ്ട്. ആ സമയത്താണ് ‘കേട്ടുകേള്‍വി’യില്ലാത്ത ഒരുതരം പരാതി നടിക്കെതിരെ വരുന്നത്. എന്താണ് ഇതിന്റെ നിജസ്ഥിതി?
അസാധാരണ പരാതി
ന്യൂസ് പേപ്പര്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മാര്ട്ടിന് മേനാച്ചേരിയാണ് ശ്വേതയ്ക്കെതിരെ പരാതിയുമായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം മാത്രമാണ് ഇപ്പോള്‍ നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
പരാതിയുടെ കോപ്പി പരിശോധിക്കുമ്പോള്‍ ഒറ്റവാക്കില്‍ ‘അസാധാരണം’ എന്നുമാത്രമേ പറയാന്‍ സാധിക്കൂ. ശ്വേത മേനോന് സിനിമയിലും പരസ്യങ്ങളിലും അറപ്പുളവാക്കുന്ന വിധത്തില്‍ നഗ്നത അഭിനയിക്കുകയും സെക്സ് സിനിമ നടിയാണെന്ന കുപ്രസിദ്ധി ഉപയോഗിച്ച് പണം സമ്പാദിക്കുന്നു എന്നെല്ലാം പരാതിയില്‍ പറയുന്നു.
ശ്വേത മേനോന് അഭിനയിച്ച ‘കാമസൂത്ര’ പരസ്യത്തെ കുറിച്ച് പരാതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശ്വേത ഈ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. നിയമപരമായി ഈ പരസ്യത്തിനു ഇന്ത്യയില്‍ അന്ന് വിലക്കൊന്നും ലഭിച്ചിട്ടില്ല. ഇന്നും സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തിനു കാഴ്ചക്കാര്‍ ഉണ്ട്.
‘കളിമണ്ണ്’ സിനിമയില്‍ പ്രസവം ചിത്രീകരിച്ചു എന്നതും പരാതിയിലെ ആരോപണമാണ്. 2013 ലാണ് ബ്ലെസി സംവിധാനം ചെയ്ത ‘കളിമണ്ണ്’ റിലീസ് ചെയ്തത്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെയൊരു പരാതി വന്നിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയ വലിയ ചര്‍ച്ചയായത് നടന് കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോയാണ്. ഈ വീഡിയോയ്ക്കു നിലവില്‍ 87 ലക്ഷമാണ് യുട്യൂബ് കാഴ്ചക്കാര്‍. അത്രത്തോളം മാറ്റത്തിനു സമൂഹം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് 12 വര്‍ഷം മുന്‍പത്തെ ‘കളിമണ്ണ്’ സിനിമയിലെ ശ്വേതയുടെ പ്രസവ രംഗത്തിനെതിരെ പരാതി വന്നിരിക്കുന്നതെന്നത് വിചിത്രം !
2009 ല്‍ പുറത്തിറങ്ങിയ പാലേരിമാണിക്യം, 2011 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം എന്നീ സിനിമകളിലെ രംഗങ്ങളും പരാതിക്കാരന് ശ്വേതയ്ക്കെതിരെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാലേരിമാണിക്യത്തിലെ അഭിനയത്തിനു ശ്വേത മേനോന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയതാണെന്ന് കൂടി ഓര്‍ക്കണം !
എഫ്.ഐ.ആറും കേസിന്റെ നിലനില്‍പ്പും
കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇമ്മോറല്‍ ട്രാഫിക് ആക്ട് 1956, വകുപ്പുകള്‍ 3, 4 എന്നിവയ്ക്കൊപ്പം ഐടി ആക്ട് 2000, 67 (A) വകുപ്പും ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആര്. എന്നാല്‍ ഈ കേസ് നിലനില്‍ക്കില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച ശേഷം റിലീസ് ചെയ്ത ചിത്രങ്ങളാണ് പരാതിക്കാരന് ശ്വേതയ്ക്കെതിരായ പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതിനാല്‍ നിയമപരമായി ഈ ആരോപണം നിലനില്‍ക്കില്ല.
‘അമ്മ’ ചേരിപ്പാര്
താരസംഘടനയായ ‘അമ്മ’യുടെ ചേരിപ്പോരിന്റെ ഭാഗമാണ് ഈ കേസെന്ന് സൂചനയുണ്ട്. ഓഗസ്റ്റ് 15 നാണ് സംഘടന തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ശ്വേത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ശ്വേതയ്ക്കെതിരായ പരാതിയിലൂടെ ആ സാധ്യത കുറയ്ക്കാന്‍ ചില ഗ്രൂപ്പുകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ആരോപണ വിധേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു ‘അസാധാരണ’ കേസിലൂടെ ശ്വേതയ്ക്കെതിരെ നീക്കം നടത്താന്‍ ചിലര്‍ ശ്രമിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം.