കൊച്ചി : ചുരുളി വിവാദം ചൂടുപിടിച്ചതിന് പിന്നാലെ ജോജു ജോർജിനെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമയിൽ അഭിനയിച്ചതിന് ജോജുവിന് പ്രതിഫലം നൽകിയിട്ടുണ്ട് എന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഈ ചിത്രത്തിൽ വേഷമിട്ടതിന് പ്രതിഫലം ലഭിച്ചില്ലെന്ന ജോജുവിന്റെ ആരോപണത്തിന് മറുപടിയെന്നോണം പോസ്റ്റ് ചെയ്ത കുറിപ്പാണ് ലിജോ പിൻവലിച്ചത്.
ചുരുളിയുമായി ബന്ധപ്പെട്ട് ശക്തമായ വിമർശനങ്ങളാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോജു ജോർജ് ഉന്നയിച്ചത്. ചുരുളി എന്ന ചിത്രത്തിന് തെറി ഇല്ലാത്ത ഒരു വേർഷനുണ്ടെന്നും തെറിയുള്ള പതിപ്പാണ് അവർ റിലീസ് ചെയ്തെന്നും ജോജു പറഞ്ഞു. താൻ ഇപ്പോൾ അത് ചുമന്നുകൊണ്ട് നടക്കുകയാണ്. തെറിയുള്ള പതിപ്പ് അവാർഡിനേ അയയ്ക്കൂ എന്നു പറഞ്ഞിരുന്നു. അത് റിലീസ് ചെയ്യുന്നെങ്കിൽ പറയേണ്ട ഒരു മര്യാദയുണ്ടായിരുന്നു. ചുരുളിയിൽ അഭിനയിച്ചതിന് പണം ഒന്നും ലഭിച്ചിട്ടില്ലെന്നുമായികുന്നു ജോജു ജോർജ് പറഞ്ഞത്. സിനിമ ഒ ടി ടിയിൽ നൽകിയതിലെ അഭിപ്രായ ഭിന്നത താൻ നേരിട്ട് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജോജു പറഞ്ഞിരുന്നു.
ഇതിന് മറുപടിയുമായി ലിജോ സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയായിരുന്നു – പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ. ഇനി ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും.’ ഇതായിരുന്നു ലിജോയുടെ മറുപടി പോസ്റ്റ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ കുറിപ്പ് വന്നതിന് പിന്നാലെ ജോജു ജോർജ് കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നെന്നാണ് ജോജു വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തന്റെ തെറി സംഭാഷണം വെച്ചാണ് സിനിമ മാർക്കറ്റ് ചെയ്തത്. ചുരുളിയിൽ അഭിനയിക്കരുതായിരുന്നെന്ന് മകൾ പറഞ്ഞു. ലിജോയുമായുള്ള സൗഹൃദം കൊണ്ടാണ് ചുരുളി ചെയ്തതെന്നും ജോജു ജോർജ് പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും ദിവസമായി ചുരുളിയെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ഇതിനിടെയാണ് ജോജുവിന്റെ പ്രകോപിപ്പിച്ച പോസ്റ്റ് ലിജോ ജോസ് പെല്ലിശ്ശേരി പിൻവലിക്കുന്നത്. ഈ പ്രശ്നത്തിന് താത്കാലിക പരിഹാരം ആകുന്നുവെന്നതിന്റെ സൂചയായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.