പട്ന: വോട്ടർ പട്ടിക വിവാദത്തിൽ പുകയുന്ന ബിഹാറിൽ താമസ സർട്ടിഫിക്കറ്റ് അപേക്ഷയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . സമസ്തപൂർ ജില്ലയിലെ പടോരി സബ്ഡിവിഷനിലെ മൊഹിയുദ്ദീൻ ബ്ലോക്കിലാണ് ട്രംപിന്റെ പേരിൽ താമസ സർട്ടിഫിക്കറ്റിന് അപേക്ഷ ഓൺലൈനായി ലഭിച്ചത്. ആധാർ കാർഡ് നമ്പർ അടക്കമാണ് അപേക്ഷ ലഭിച്ചിരിക്കുന്നത്. ഹസൻപൂർ ഗ്രാമത്തിലെ താമസക്കാരനാണെന്നാണ് അപേക്ഷയിൽ പറയുന്നത്.
വ്യാജ ആധാർ കാർഡാണ് എന്ന് കണ്ടെത്തിയതിനാൽ അപേക്ഷ തള്ളി എന്ന് അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓൺലൈൻ അപേക്ഷയിലെ പേരും ഫോട്ടോയും ട്രംപിന്റേത് തന്നെയാണ്. മറ്റാരുടേയോ ആധാർ കാർഡിലെ നമ്പറുകൾ തിരുത്തിയാണ് ആധാർ വിവരം നൽകിയിരിക്കുന്നത്.
ഐടി നിയമം അനുസരിച്ച് ഗുരുതരമായ കുറ്റമാണിതെന്നും സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായും സര്‍ക്കിള്‍ ഓഫിസര്‍ വിശദമാക്കി. 2025 ജൂലൈ 29-ന് സമർപ്പിച്ച അപേക്ഷ, അപേക്ഷ നമ്പർ BRCCO/2025/17989735-ന് കീഴിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയിൽ, ഫോമിലെ ഫോട്ടോ, ആധാർ നമ്പർ, ബാർകോഡ്, വിലാസ വിശദാംശങ്ങൾ എന്നിവയിൽ വ്യക്തമായ കൃത്രിമത്വം കണ്ടെത്തിയതിനെത്തുടർന്ന് അപേക്ഷ പൂർണ്ണമായും നിരസിച്ചു.
ട്രംപിന്റെ ഒപ്പം ശ്രീരാമനും താമസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. മൃഗങ്ങളുടെ ചിത്രങ്ങളോട് കൂടിയ അപേക്ഷകൾക്കും കുറവില്ല. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് അധികൃതർ പറയുന്നു. സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾക്കെതിരെ കർശന നടപടി എടുക്കാനാണ് തീരുമാനം.
ഡോഗ് ബാബു, നിതീഷ് കുമാരി, സോണാലിക്കാ ട്രാക്റ്റർ തുടങ്ങിയ പേരുകളിലും ഉള്ള അപേക്ഷകൾ പട്ന, കിഴക്കൻ ചമ്പാരൻ, നളന്ദ, ബീഹാറിലെ മറ്റ് ജില്ലകൾ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇത് ഓൺലൈൻ അപേക്ഷാ പരിശോധനാ സംവിധാനത്തിലെ വ്യക്തമായ പഴുതുകളാണ് എന്നും ആക്ഷേപമുണ്ട്. നാണക്കേട് ഒഴിവാക്കാൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ ഇപ്പോൾ സാങ്കേതിക ഓഡിറ്റുകളും കർശനമായ കെവൈസി പരിശോധനാ സംവിധാനങ്ങളും നടത്തുന്നുണ്ട്.