തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലിന്റെ ആക്ഷേപം ശരിവച്ച് നാലംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹാരിസ് ഉന്നയിച്ചത് വസ്തുതകള്‍ ആണെന്നും ശസ്ത്രക്രിയ ഉപകരണങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങുന്ന പ്രക്രിയ നിലവില്‍ ഏറെ സങ്കീര്‍ണ്ണമാണ്. ഇത് ലളിതമാക്കണം. നടപടിക്രമങ്ങളിലെ നൂലാമാലകള്‍ ഒഴിവാക്കണം. ഉപകരണങ്ങള്‍ എത്താന്‍ കാലതാമസം ഉണ്ടാകുന്നുണ്ട് ഇതെല്ലാം ഒഴിവാക്കാന്‍ സൂപ്രണ്ടുമാര്‍ക്കും പ്രിന്‍സിപ്പാള്‍മാര്‍ക്കും കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
്അതേസമയം, ഡോക്ടര്‍ ചൂണ്ടികാട്ടിയ എല്ലാ പരാതികളിലും വസ്തുതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് മുമ്പ് ഉപകരണങ്ങളുടെ കുറവ് മൂലം ശസ്ത്രക്രിയ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ബി പത്മകുമാറിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരായിരുന്നു അന്വേഷണ സമിതിയി അംഗങ്ങള്‍. റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് കൈമാറും.