നരിവേട്ട സിനിമയില്‍ തന്റെ പേര് ദുരുപയോഗം ചെയ്തതിനെതിരെ പരാതിയുമായി ഡിജിപിയുടെ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ പോലീസുദ്യോഗസ്ഥന്‍. ഇപ്പോള്‍ ഗള്‍ഫിലെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി വി.പി. ബഷീറാണ് റവാഡ ചന്ദ്രശേഖരന്‍ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗമുണ്ടാക്കിയത്.
ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ബഷീര്‍ എന്ന കഥാപാത്രത്തിന്റെ പേരിലാണ് മുന്‍പോലീസുകാരന്റെ പ്രതിഷേധം. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട സിനിമയില്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തിന് തന്റെ പേര് ഉപയോഗിച്ചെന്ന് ഇയാള്‍ ഡിജിപിയോട് പറഞ്ഞു. ആ സമയത്ത് കണ്ണൂര്‍ ഡിഐജി ഓഫീസില്‍ ജോലി ചെയ്ത ബഷീര്‍ എന്ന ഉദ്യോഗസ്ഥനാണ് താന്‍. തന്റെ അറിവോ സമ്മതമോ ഇല്ലാതെ സിനിമാക്കാര്‍ തന്റെ പേര് ദുരുപയോഗം ചെയ്തു.
‘മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരുന്നു. 30 വര്‍ഷം കാക്കിയിട്ട വേദനകൊണ്ട് പറയുകയാണ്. ഇതിന് മറുപടി തരൂ, 30 കൊല്ലം ഞാന്‍ അനുഭവിച്ച വേദനയാണ് സാര്‍’- എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ പൊലീസ് മേധാവിക്കരികിലെത്തിയത്. പരാതി പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തുടര്‍ന്ന് പൊലീസെത്തി ഇയാളെ ഹാളിന് പുറത്തേയ്ക്ക് കൊണ്ടുപോയി.