നിങ്ങൾക്കു മാനസികസമ്മർദമുണ്ടോ..? അത്തരം അവസ്ഥകളിൽ നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ..? നെഗറ്റീവ് ചിന്തകളും ഉത്കണ്ഠകളും അലട്ടുന്പോൾ ഭക്ഷണത്തിൽ അഭയം തേടുന്നുണ്ടെങ്കിൽ നിങ്ങൾ ഇമോഷണല്‍ ഈറ്റിങ് അഥവാ സ്ട്രെസ് ഈറ്റിങ് എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുകയും വിവിധയിനം ഭക്ഷണങ്ങളിൽ അഭയം തേടുകയും ചെയ്യുന്നവരുടെ എണ്ണം പുതുതലമുറയിൽ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്തരക്കാരെ കാത്തിരിക്കുന്നതു വിവിധ ആരോഗ്യപ്രശ്നങ്ങളാണ്. ഭക്ഷണം കഴിക്കൽ വർധിക്കുകയും വിവിധയിനം ഭക്ഷണത്തോടുള്ള ആഭിമുഖ്യം കൂടുകയും ചെയ്യും. ഇത് വണ്ണം വയ്ക്കാനിടയാക്കുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി അനുഭവപ്പെടാൻ മസ്തിഷ്കം നല്കുന്ന സിഗ്നല്‍, സമ്മര്‍ദം കൂടുന്പോൾ തടസപ്പെടുകയും അതുമൂലം അളവിൽക്കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കുന്നുവെന്ന് മെഡിക്കൽ ഗവേഷകർ പറയുന്നു.
മാനസികപ്രയാസങ്ങൾ നേരിടുന്ന സമയത്ത് ഭക്ഷണത്തെ കൂട്ടുപിടിച്ചുതുടങ്ങിയാൽ ശരീരഭാരം വർധിക്കുക മാത്രമല്ല, മാനസികാവസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്യും. സമ്മര്‍ദം കൂടുമ്പോള്‍ അഡ്രിനല്‍ ഗ്ലാൻഡ് ഗ്ലൂക്കോകോര്ട്ടിസൈഡ്സ് എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും ഇത് വിശപ്പ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നു വിദഗ്ധര്‍ പറയുന്നു. ഇമോഷണല്‍ ഈറ്റിങ് വിഷാദരോഗത്തിലേക്കു തള്ളിവിടും.
നിങ്ങൾ ഈ അവസ്ഥയിലൂടെ കടന്നുപോകുകയാണെങ്കിൽ ഉടനെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.









