ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടികാണിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ രാജ്യത്താകമാനം ചർച്ചയാകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്ത സമ്മേളനം ഞായറാഴ്ച നടക്കും. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടത്തുന്ന വാർത്ത സമ്മേളനത്തിൽ വോട്ട് ചോർത്തൽ സംബന്ധിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച് ആരോപണങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ എന്ത് വിശദീകരണമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നുണ്ടാകുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഓഗസ്റ്റ് 7 ന് രാഹുൽ ഗാന്ധി വോട്ട് ചോരി എന്ന പേരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വൻ തോതിലുള്ള വോട്ട് ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു.
പല തവണയായി ആയിരക്കണക്കിന് പേർ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിലൂടെ വോട്ടുകൾ മോഷ്ടിക്കപ്പെട്ടു എന്ന് അദ്ദേഹം ആരോപിച്ചു. വ്യാജ വിലാസങ്ങളും തെറ്റായ ഫോട്ടോകളും ഉൾപ്പെടുന്ന വോട്ടർ പട്ടികകൾ ഉണ്ടെന്നും ഒരേ വീട്ടിൽ പതിനെട്ടു മുതൽ ഇരുപത് വോട്ടർമാരുടെ പേരുകൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങൾ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന മറുപടിയുമായി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു.
1951 മുതൽ തന്നെ ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന നിയമം നിലവിലുണ്ടെന്നും, കമ്മീഷനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതയാണെന്നുമാണ് കമ്മീഷൻ പറഞ്ഞത്. രാഹുൽ ഗാന്ധി ഉന്നയിച്ച അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു ഔദ്യോഗിക പ്രഖ്യാപനം സമർപ്പിക്കണമെന്നും അല്ലെങ്കിൽ പൊതുവിൽ മാപ്പ് പറയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ഗാന്ധി അതിന് തയ്യാറായിരുന്നില്ല.
അതേസമയം ഞായറാഴ്ച തന്നെയാണ് രാഹുലിന്റെ വോട്ട് അധികാർ യാത്രയും തുടങ്ങുന്നത്. ബീഹാറിൽ നിന്ന് ആരംഭിക്കുന്ന യാത്ര വോട്ടുമോഷണത്തിനെതിരായ നേരിട്ടുള്ള പോരാട്ടമാണെന്നാണ് രാഹുൽ പറഞ്ഞത്. രാഹുല്‍ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും ഉള്‍പ്പെടെയുള്ള മഹാസഖ്യനേതാക്കള്‍ സംസ്ഥാനത്തുടനീളം വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ യാത്രയുടെ പ്രാധാന്യം കുറയ്ക്കുന്നതിനാണ് ഞായറാഴ്ചയായിട്ടും നാളെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനം വിളിച്ചിരിക്കുന്നതെന്ന ആരോപണവുമുണ്ട്.









