ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് കൊള്ള ആരോപണം ഭരണഘടനയ്ക്ക് അപമാനമാണെന്നും രാഹുൽ സ്വകാര്യത ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷനെ വിരട്ടാൻ നോക്കേണ്ടെന്നും ചിലർ വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപിച്ചു. അതേസമയം, എല്ലാ പാർട്ടികളും കമ്മീഷന് ഒരേ പോലെയാണെന്നും കമ്മീഷൻ വ്യക്തമാക്കി. കേരളത്തിലടക്കം ഉയർന്ന പരാതികൾ അടിസ്ഥാന രഹിതം. ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാൻ കോടതി നിർദ്ദേശമുണ്ടെന്നും കോടതി.
“ഇന്ത്യൻ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് ചെയ്യുകയും വേണം. നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്ട്രേഷൻ വഴിയാണ് രൂപീകൃതമാകുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിവേചനം കാണിക്കാൻ കഴിയുക? തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം, ഒരു പ്രതിപക്ഷമോ ഭരണപക്ഷമോ ഇല്ല. എല്ലാവരും തുല്യരാണ്. ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും, തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറുകയില്ല.” മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാണേഷ് കുമാർ.
എസ്ഐആർ വോട്ടർ പട്ടിക പുതുക്കാൻ വേണ്ടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാതിലുകൾ എല്ലാവർക്കും ഒരുപോലെ തുറന്നിരിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷൻ. താഴെത്തട്ടിൽ, എല്ലാ വോട്ടർമാരും, എല്ലാ രാഷ്ട്രീയ പാർട്ടികളും, എല്ലാ ബൂത്ത് ലെവൽ ഓഫീസർമാരും സുതാര്യമായ രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാരുടെയും അവർ നാമനിർദ്ദേശം ചെയ്ത ബിഎൽഒമാരുടെയും സാക്ഷ്യപത്രങ്ങൾ സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ നേതാക്കളിൽ എത്തുന്നില്ലയെന്നും കമ്മീഷൻ.
ബീഹാറിലെ എസ്‌ഐആറിനെ പൂർണ്ണ വിജയമാക്കാൻ എല്ലാ പങ്കാളികളും പ്രതിജ്ഞാബദ്ധരാണ്, ഇതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും. ബീഹാറിലെ ഏഴ് കോടിയിലധികം വോട്ടർമാർ തെരഞ്ഞെടുപ്പ് കമ്മീഷനൊപ്പം നിൽക്കുമ്പോൾ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെക്കുറിച്ചോ വോട്ടർമാരുടെ വിശ്വാസ്യതയെക്കുറിച്ചോ ഒരു ചോദ്യചിഹ്നവും ഉയർത്താൻ കഴിയില്ലെന്നും കമ്മീഷൻ പറഞ്ഞു.
“ചില വോട്ടർമാർ ഇരട്ട വോട്ട് ചെയ്തുവെന്നാണ് ആരോപണം. ഇതിന് തെളിവ് ചോദിച്ചപ്പോൾ മറുപടി ലഭിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷനോ മറ്റ് വോട്ടർമാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തോളിൽ തോക്ക് പിടിച്ച് ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയം നടക്കുകയാണ്. ഈ സാഹചര്യത്തിൽ കമ്മീഷൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത് ദരിദ്രർ, ധനികർ, വൃദ്ധർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും എല്ലാ മതങ്ങളിലെയും എല്ലാ വോട്ടർമാരുടെയും മുന്നിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർഭയമായി ഒരു പാറപോലെ നിലകൊള്ളുന്നു, യാതൊരു വിവേചനവുമില്ലാതെ അവർ ഉറച്ചുനിൽക്കുന്നു, ഇനിയും നിലകൊള്ളും.”