റസ്റ്ററന്റ് പൂട്ടിയപ്പോള്‍ ലഹരി ഇടപാടിലേക്ക് തിരിഞ്ഞു, വീട്ടില്‍ ഒതുങ്ങിക്കൂടി ഡാര്‍ക്ക് വെബ്ബില്‍ ലഹരി ശൃംഖലയുടെ തലവനായി; എഡിസന്റെ വളര്‍ച്ച അവിശ്വസനീയം

ടി ജോലി വിട്ട് സ്വന്തമായി തുടങ്ങിയ റസ്റ്ററന്റ് കോവിഡ് കാലത്ത് പൂട്ടിയതോടെയാണ് എന്‍സിബി അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബു ലഹരിക്കടത്തിലേക്ക് തിരിഞ്ഞത്. എഡിസണ്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ആളാണ്. ബാംഗ്ലൂര്‍ പൂനെ എന്നിവിടങ്ങളില്‍ ഐടി കമ്പനികളില്‍ ജോലി ചെയ്തു. വീട്ടില്‍ ഒതുങ്ങിക്കൂടിയിരിക്കുന്ന എഡിസന്‍ ലഹരി ശൃംഖലയുടെ തലവനാണെന്ന കാര്യം നാട്ടുകാരെയും വീട്ടുകാരെയും ഒരു പോലെ ഞെട്ടിട്ടു.
ജോലി വിട്ട ശേഷം ആലുവയില്‍ റസ്റ്റോറന്റ് ആരംഭിച്ചു. കോവിഡ് സമയത്ത് റസ്റ്റോറന്റ് പൂട്ടി. തുടര്‍ന്നാണ് വരുമാനം കണ്ടെത്താന്‍ ലഹരി കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഡാര്‍ക്ക് നെറ്റ് ഉപയോഗിക്കും മുമ്പ് തന്നെ എഡിസണ്‍ ലഹരി കച്ചവടം തുടങ്ങിയിരുന്നു. നേരിട്ട് ആവശ്യക്കാര്‍ക്ക് ലഹരി എത്തിക്കുന്നത് ആയിരുന്നു രീതി. മൂവാറ്റുപുഴയിലെ വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കച്ചവടം. വീട്ടില്‍ ഒതുങ്ങി കൂടിയിരുന്നതിനാല്‍ ഒരാള്‍ക്കും എഡിസനെക്കുറിച്ച് സംശയമുണ്ടായില്ല. കഴിഞ്ഞ വെള്ളിയാഴ്ച വരെ ഇയാള്‍ ഇടപാടുകാര്‍ക്ക് മയക്കുമരുന്ന് അയച്ചു. അവസാനമായി ചേലാട് നിന്നാണ് ഇയാള്‍ രണ്ടു പാഴ്‌സലുകള്‍ അയച്ചത്. എഡിസനെ കുറിച്ച് വിവരം ശേഖരിക്കാന്‍ എന്‍ സി ബി സംഘം മൂവാറ്റുപുഴയില്‍ താമസിച്ചത് രണ്ടുമാസമാണ്.
എഡിസന്റെ മുറിയില്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെടാന്‍ ഒരുക്കിയത് വലിയ വാര്‍ത്താവിനിമയ സംവിധാനങ്ങളുണ്ടായിരുന്നു. കെറ്റാമെലോണിനെ കുറിച്ച് എന്‍സിബി സംഘത്തിന്റെ ചോദ്യത്തില്‍ എഡിസണ്‍ ആദ്യം പകച്ചു. വീട്ടില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. വീട്ടുകാര്‍ക്ക് ലഹരിക്കച്ചവടത്തെക്കുറിച്ച് അറിവില്ല. ഇടപാടിന് ഉപയോഗിച്ചിരുന്നത് വിവരം കണ്ടെത്താന്‍ പ്രയാസമുള്ള മോണേറോ ക്രിപ്‌റ്റോ. ബ്രിട്ടനിലെ ഗുംഗ ഡീന്‍ ആയിരുന്നു എഡിസന് എല്‍എസ്ഡി അയച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ എല്‍ എസ് ഡി ഇടപാടുകാരന്‍ സി യുസുമായി ബന്ധമുള്ള ആളാണ് ഡീന്‍. കേരളത്തില്‍ വേരുറപ്പിച്ച് രാജ്യം മുഴുവന്‍ പടര്‍ന്ന ലഹരി ശൃംഖല സൃഷ്ടിക്കുകയായിരുന്നു എഡിസന്റെ ലക്ഷ്യമെന്ന് എന്‍സിബി പറയുന്നു.
വാഗമണ്‍ സ്വദേശി ഡിയോള്‍ അടക്കം രണ്ടു പേരെ കൂടി എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ മൂന്നു പ്രതികളെയും റിമാന്‍ഡ് ചെയ്തു. ഡിയോളിനെ റിമാന്‍ഡ് ചെയ്തത് കാക്കനാട് ജില്ലാ ജയിലില്‍.

Leave a Reply

Your email address will not be published. Required fields are marked *