ഓൺലൈൻ ബിസിനസിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ; ഇൻഫ്ലുൻസർ അറസ്റ്റിൽ

40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ  സന്ദീപ വിർക്കിയെ അറസ്റ്റ് ചെയ്ത് ഇഡി.  ഇൻസ്റ്റഗ്രാമിൽ 1.2 മില്യൻ ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറും നടിയുമാണ് സന്ദീപ വിർക്കി. അംഗീകൃത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ഹൈബൂകെയർ.കോം എന്ന വെബ്‌സൈറ്റിന്റെ ഉടമയാണ് പിടിയിലായ ഇവർ.  

വിശ്വാസ വഞ്ചന,  വഞ്ചന വകുപ്പുകൾ  പ്രകാരം മൊഹാലിയിലാണ് ഇവർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് എഫ്‌ ഐ ആറിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ ഡി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇ ഡി ഇവരുടെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ വസതികളിലും ഓഫിസുകളിലും കഴി‍ഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

കമ്പനിയുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ടെന്നും കേവലും കടലാസു കമ്പനിയായാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നും ഇ ഡി പറയുന്നു.  മാത്രമല്ല ബ്യൂട്ടി പ്രോഡക്ടുകളാണ് ഇവർ വിൽക്കാൻ ശ്രിച്ചത്. അതിനുള്ള ലൈസൻസ് ഇവർക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ  ഇവർ വിൽക്കാൻ ശ്രമിച്ച ഉൽപ്പന്നങ്ങൾ നിലവിലില്ലെന്നും വെബ്‌സൈറ്റിൽ ഉപഭോക്തൃ റജിസ്ട്രേഷൻ വിവരങ്ങൾ ഇല്ലെന്നും ഇ ഡി ചൂണ്ടിക്കാട്ടി. 

കമ്പനിയുടെ വിവരങ്ങൾ സുതാര്യമല്ലെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് വെബ്സൈറ്റ് ഉപയോഗിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ വെള്ളിയാഴ്ച വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഓൺലൈൻ വിൽപനയിലൂടെ കോടിക്കണക്കിന് രൂപയുണ്ടാക്കിയെന്ന് ഇവർ പറയുന്നു. എന്നാൽ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ പരിശോധിച്ചപ്പോൾ പറയുന്ന കാര്യങ്ങൾ  വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. ഇതോടെയാണ് അറസ്റ്റിലേക്ക് കടന്നതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *