20 വർഷംകൊണ്ട് 10 കോടി സമ്പാദിക്കാം; എസ്ഐപിയിൽ ഇങ്ങനെ നിക്ഷേപിക്കൂ

ദീർഘകാല നിക്ഷേപങ്ങളിലൂടെ കാലക്രമേണ സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള നിക്ഷേപ പദ്ധതികളിൽ ജനപ്രിയമാണ് എസ്ഐപി അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂടെയും വലിയ സമ്പാദ്യം സൃഷ്ടിക്കാൻ ഈ പ്ലാൻ നിക്ഷേപകരെ സഹായിക്കും. 20 വർഷം കൊണ്ട് 10 കോടി സമ്പാദ്യം നേടാൻ ലക്ഷ്യമിടുന്നവർക്ക് എസ്ഐപി നല്ലൊരു ആശയമാണ്.

ദീർഘകാലത്തേക്ക് ഒരു നിശ്ചിത തുക പ്രതിമാസ തവണകളായോ മൂന്ന് മാസത്തിലൊരിക്കലോ അടയ്ക്കുന്നതാണ് എസ്ഐപി. കോമ്പൗണ്ടിങ്ങിന്റെ ശക്തിയിലൂടെയാണ് ഈ സ്കീമിൽ അധിക വരുമാനം ലഭിക്കുന്നത്. എല്ലാ എസ്ഐപി നിക്ഷേപങ്ങളും ഒരേ വരുമാനമല്ല നിക്ഷേപകർക്ക് വാഗ്‌ദാനം ചെയ്യുന്നത്. അതിനാൽതന്നെ, എസ്ഐപി റിട്ടേണുകൾ പരമാവധിയാക്കാൻ, വേകത്തോടെയുള്ള തീരുമാനങ്ങൾ എടുക്കണം.

20 വർഷം കൊണ്ട് 10 കോടി എങ്ങനെ സമ്പാദിക്കാം?

10 കോടി സമ്പാദിക്കാൻ പ്രതിമാസം ഏകദേശം 85,000 രൂപ എസ്ഐപി നിക്ഷേപം നടത്തേണ്ടതായി വരും. ഇതിനു കഴിയാത്തവർക്ക്, ഒരു ചെറിയ എസ്ഐപിയിൽ ആരംഭിച്ച് ആനുകാലികമായി തുക വർധിപ്പിക്കുന്നതും ആലോചിക്കാവുന്നതാണ്. അതായത് ഓരോ വർഷവും എസ്ഐപി നിക്ഷേപത്തിൽ ഒരു നിശ്ചിത തുക വർധിപ്പിക്കുന്നതാണ് ഈ രീതി. ഉദാഹരണത്തിന്, പ്രതിമാസം 40,000 രൂപയിൽ തുടങ്ങി പ്രതിവർഷം 10 ശതമാനം വർധിപ്പിക്കുന്നത് 20 വർഷത്തിനുള്ളിൽ 10 കോടി രൂപ ലക്ഷ്യം കൈവരിക്കാൻ സഹായിക്കും.

എന്ത് നിക്ഷേപമാണെങ്കിലും പരമാവധി നേരത്തെ ആരംഭിക്കുന്നത് നേട്ടമുണ്ടാക്കും. എസ്ഐപിയുടെ കാര്യത്തിലും ഈ രീതി ബാധകമാണ്. എത്രത്തോളം നേരത്തെ ആരംഭിക്കുന്നുവോ അത്രയും കാലം നിങ്ങളുടെ പണം കോമ്പൗണ്ടിങ് ശക്തിയിലൂടെ നേട്ടം തരുന്നു. ഒരു സ്റ്റെപ്പ്-അപ്പ് എസ്ഐപി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് എസ്ഐപി തുക ഇടയ്‌ക്കിടെ വർധിപ്പിക്കാൻ അനുവദിക്കുന്നു.

എസ്ഐപിയിൽ എത്ര കാലം നിക്ഷേപിക്കാം?

എത്രകാലം വേണമെങ്കിലും എസ്ഐപിയിൽ നിക്ഷേപം തുടരാം. ഫണ്ടിന്റെ പ്രകടനം മികച്ചതാണെങ്കില്‍ നിക്ഷേപം നിര്‍ത്തുകയോ മറ്റ് ഫണ്ടുകളിലേയ്ക്ക് മാറുകയോ ചെയ്യേണ്ട ആവശ്യമില്ല. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഭാഗികമായി പണം പിന്‍വലിച്ചാലും ബാക്കി നിക്ഷേപം തുടരാമെന്നതാണ് മ്യൂച്വല്‍ ഫണ്ടിന്റെ പ്രത്യേകത. വര്‍ഷംതോറും എസ്ഐപി തുക വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പുതിയതില്‍ ചേരുന്നതിന് പകരം നിലവിലെ ഫണ്ടിലെ തുക വര്‍ധിപ്പിച്ചാല്‍ മതി. നിക്ഷേപം നടത്തുന്ന ഫണ്ടിന്റെ വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും റിട്ടേൺ ലഭിക്കുക. വിപണിയിൽ, ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും ദീര്‍ഘകാലയളവില്‍ മികച്ച റിട്ടേണ്‍ തന്നെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *