തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഈന്തപ്പഴത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഒന്നേകാൽ കിലോ എം ഡി എം എ

തിരുവനന്തപുരം : കല്ലമ്പലത്ത് വന്‍ ലഹരി വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയുമായാണ് പ്രതികൾ പൊലീസ് പിടിയിലായത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി ശേഖരമാണ് പിടികൂടിയത്.

സംഭവത്തില്‍ വര്‍ക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രമീണ്‍ എന്നിവരാണ് പിടിയിലായത്. മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

വളർത്തുനായ്ക്കളെ അഴിച്ചുവിച്ച് ലഹരിക്കച്ചവടം നടത്തുന്നയാളാണ് പിടിയിലായ സഞ്ജു. പൊലീസിന്റെയും എക്സൈസിന്റെയും ലിസ്റ്റിലുള്ള സ്ഥിരം കുറ്റവാളിയാണ് ഇയാൾ. 2023 ൽ കല്ലമ്പലം ഞെക്കാട് വളർത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതികൂടിയാണ് ഇയാൾ. ഇന്ന് എം ഡി എം എയുമായി പിടികൂടിയപ്പോൾ ലഗേജ് സ്വന്തമല്ല എന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചുവെങ്കിലും. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *