കൊച്ചി : കല്യാണ കമ്പോളത്തിലെ നീറുന്ന മാറ്റൊരു നോവായി മാറുകയാണ് കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി വിപഞ്ചിക. സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാർഹിക പീഡനക്കേസുകൾ പലതും കൊലപാതകത്തിലേക്കും ആത്മഹത്യകളിലേക്കും പോകുന്ന പ്രവണത സംസ്ഥാനത്ത് കൂടിവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് 192 മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
2012ൽ മാത്രം സംസ്ഥാനത്ത് 32 പേർ സ്ത്രീധനവുമായി ബന്ധപ്പെട്ട് മരണപ്പെട്ടു. ഇതിൽ ആത്മഹത്യകളും കൊലപാതകങ്ങളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ സ്ത്രീധന മരണം നടന്നിരിക്കുന്നത് തെക്കൻ കേരളത്തിലാണ്. തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് പട്ടികയിൽ മുന്നിൽ.
1961ൽ നിലവിൽ വന്ന സ്ത്രീധന നിരോധന നിയമം നിലനിൽക്കെ സ്ത്രീധനം കുറഞ്ഞു പോയി എന്ന കാരണത്താലും കിട്ടിയില്ലായെന്ന കാരണത്താലും പങ്കാളിയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും കൊല്ലുന്ന പല വാർത്തകളും പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ആസൂത്രിതമായി കൊലപ്പെടുത്തിയ അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. ഉത്ര, കൃതി, തുഷാര, വിസ്മയ തുടങ്ങിയവരുടെ പട്ടികയിലെ അവസാന കണ്ണിയാണ് ഇപ്പോൾ വിപഞ്ചികയും.
ഷാർജയിലെ വസതിയിലാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണം ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് വിപഞ്ചിക വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിപഞ്ചികയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സ്ത്രീധന പ്രശ്നത്തെ തുടർന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പിജി വിദ്യാർത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് സ്ത്രീധന മരണം കേരളത്തിൽ വീണ്ടും സജീവ ചർച്ചയാകുന്നത്. 2016 മുതൽ 2020 വരെ രജിസ്റ്റർ ചെയ്ത 13,678 സ്ത്രീധന പീഡന കേസുകളിൽ 245 എണ്ണത്തിൽ മാത്രമാണ് നടപടിയുണ്ടായത്.
കേരളത്തിലെ സ്ത്രീധന മരണങ്ങളുടെ കണക്കെടുത്താൽ 2008 ൽ -31 എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ 20 ,22 ,15, 27 എന്ന് തുടങ്ങി 2023 ആയപ്പോൾ 8 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ത്രീധനം വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന കുറ്റത്തിന് 5വർഷം തടവും 15,000രൂപ പിഴയുമാണ് ശിക്ഷ.
വിവാഹ സമയത്ത് മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന സ്ത്രീധനത്തിന് തെളിവ് ഉണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതികൾ യുക്തമായ തീരുമാനമെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിർദ്ദേശം ഉണ്ട്. സ്ത്രീധന കേസുകളിൽ 28 കുടുംബ കോടതികളിലായി ഒന്നരലക്ഷത്തോളം കേസുകൾ നിലവിലുണ്ടെന്നതും കൂട്ടിവായിക്കണം.
2018 ലെ പഠന റിപ്പോർട്ട് പ്രകാരം മൂന്നിൽ ഒരു സ്ത്രീ പങ്കാളിയിൽ നിന്നുള്ള ശാരീരിക-മാനസിക പീഡകൾ ഏറ്റുവാങ്ങുന്നുണ്ട്. കൊലപാതകങ്ങളിൽ 38 ശതമാനവും സ്ത്രീകളുടെ ആത്മഹത്യകളിൽ മൂന്നിലൊന്നും പങ്കാളിയുടെ പീഡനം മൂലമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.