ആർത്രോ എന്നാൽ സന്ധി (ജോയിന്റ്). സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. പ്രായമായവർക്കു മാത്രമാണ് വാതരോഗം പിടിപെടുക എന്നതു തെറ്റായ ധാരണയാണ്. കുട്ടികളിലും കൗമാരക്കാരിലുമെല്ലാം ഈ രോഗം കണ്ടുവരുന്നുണ്ട്. മുതിർന്നവരിൽ പലപ്പോഴും ഓട്ടോ ഇമ്യൂൺ അസുഖങ്ങളും ജീവിതശൈലീ പ്രശ്നങ്ങളും കാരണമാണു വാതരോഗം വരുന്നത്.
ഇരുപതുകളിലും മുപ്പതുകളിലും തന്നെ സന്ധിവാതം പിടിപെടുന്നവരുണ്ട്. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതില്‍ ചിലത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ് സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്ട്) എന്നിവയാണ്.
രോഗലക്ഷണങ്ങൾ
സന്ധിവേദനയും സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണെങ്കില്‍ സാധാരണയിലും അധികമായി നടക്കുക, പടികള്‍ കയറുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക. ആമവാതം പോലുള്ള ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസുകളില്‍ വേദനയും കാഠിന്യവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആയിരിക്കും കൂടുതലായി അനുഭവപ്പെടുക. ഗൗട്ട് എന്ന ആര്‍ത്രൈറ്റിസില്‍ ചില പ്രത്യേക ആഹാര പദാര്‍ഥങ്ങള്‍ കഴിച്ചതിന് ശേഷമാണ് വേദന അനുഭവപ്പെടുന്നത്. ഉദാഹരണത്തിന് മദ്യം, കടല്‍ മീനുകള്‍, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്ളവര്‍, ചീര, കൂണ്‍ എന്നിവ.
സ്ഥിരമായി സന്ധികളിൽ വേദന, ഇടവിട്ടുള്ള പനി, തൊലിയിൽ പാടുകൾ, നടുവേദന എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ കാണണം. സന്ധികളിൽ വേദന, വീക്കം, ചുവപ്പുനിറം തുടങ്ങിയവ പൊതുവെയുള്ള ലക്ഷണങ്ങളായി പറയാമെങ്കിലും രോഗം ഏതാണെന്നു തിരിച്ചറിയണമെങ്കിൽ രക്‌തപരിശോധന ആവശ്യമാണ്. എക്സ് റേയിലൂടെയും രക്തപരിശോധനയിലൂടെയും ക്യത്യമായ രോഗനിര്‍ണ്ണയം സാധ്യമാണ്.
സന്ധിവാതത്തിനുള്ള കാരണങ്ങൾ
അധികമായ ശരീരഭാരം, സന്ധികളില്‍ ഏല്‍ക്കുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദ്ദവം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടവുമണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. രോഗങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കാന്‍ നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം.
ചികിത്സിച്ച് മാറ്റാം
വാതരോഗത്തിനു കൃത്യമായ ചികിൽസ ഇല്ല എന്നത് തെറ്റിദ്ധാരണയാണ്. ആധുനിക ചികിൽസാ രീതികളിലൂടെ വാതരോഗത്തെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. വേദനസംഹാരികളും സ്റ്റിറോയ്ഡുകളും ഉപയോഗിച്ചുള്ള ചികിൽസയ്ക്കുപുറമേ തന്മാത്രാ ചികിൽസ (Biologics വിഭാഗത്തിൽപ്പെട്ട മരുന്നുകൾ) ഇന്ന് ഏറെ ഫലപ്രദമാണ്.