ഹൃദയധമനികളിൽ ചിലയിടങ്ങളിൽ രക്തം കട്ട പിടിച്ച് രക്തപ്രവാഹം തടസപ്പെടുകയും തന്മൂലം ഹൃദയപേശികൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് സാധാരണ ഹൃദ്രോഗം അഥവ കൊറോണറി ആർട്ടറി ഡിസീസ്. ഹൃദ്രോഗം മൂലമുള്ള മരണ നിരക്ക് കൂടുതലാണെങ്കിലും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ അവ തടയാൻ സാധിക്കും.
പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതാണ് മരണകാരണമായി മാറുന്നത്. ഇരുപത് ശതമാനം ഹൃദയാഘാത രോഗികളിലും യാതൊരുതരത്തിലുള്ള ഹൃദയാഘാത ലക്ഷണങ്ങളും പ്രകടമാകാറില്ല. ചിലപ്പോൾ ക്ഷീണം തോന്നുകയോ, ബോധംകെടുകയോ, ചില കേസുകളിൽ യാതൊരു ലക്ഷണങ്ങളുമില്ലാതെ കുഴഞ്ഞുവീഴുകയും ചെയ്യാറുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
- നെഞ്ചുവേദന
ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുന്നറിയിപ്പ് നെഞ്ചുവേദനയാണ്. പലപ്പോഴും നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ അനുഭവപ്പെടുന്ന സമ്മർദമോ മുറുക്കമോ ആയിട്ടാകാം അനുഭവപ്പെടുന്നത്. ഈ അസ്വസ്ഥത ചെറിയ തോതിൽ വന്നും പോയും ഇരിക്കാം. ഏതാനും മിനിറ്റുകൾ ഈ വേദന നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
- ക്രമരഹിതമായ നെഞ്ചിടിപ്പ്
ഉണർന്നയുടൻ ഉണ്ടാകുന്ന വേഗതയേറിയ നെഞ്ചിടിപ്പ് മറ്റൊരു മുന്നറിയിപ്പ് ലക്ഷണമാണ്. രാവിലെ തലകറക്കം, നെഞ്ചുവേദന, ക്ഷീണം, ബോധക്ഷയം ഉണ്ടാകുമെന്ന തോന്നൽ എന്നിവയും ലക്ഷണമാണ്. ഈ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണണം.
- ശ്വാസംമുട്ടൽ
ഉണർന്നയുടനെ ഉണ്ടാകുന്ന ശ്വാസംമുട്ടൽ ഹൃദയസംബന്ധമായ അപകടങ്ങളുടെ സൂചനയാണ്. ഈ ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
- അസാധാരണമായ ക്ഷീണം
നന്നായി ഉറങ്ങിയിട്ടും രാവിലെ കഠിനമായ ക്ഷീണം അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെ സൂചനയാകാം. സാധാരണ തളർച്ചയിൽനിന്ന് വ്യത്യസ്തമാണ് ഈ ക്ഷീണം. ക്ഷീണത്തോടൊപ്പം ശ്വാസംമുട്ടലോ നെഞ്ചിലെ അസ്വസ്ഥതയോ ഉണ്ടായാൽ ഡോക്ടറെ കാണണം.
- തലകറക്കം
ഉറക്കം ഉണരുമ്പോഴുണ്ടാകുന്ന തലകറക്കം തലച്ചോറിലേക്ക് ശരിയായ രീതിയിൽ രക്തമെത്തിക്കാൻ ഹൃദയത്തിന് കഴിയാത്തതിന്റെ സൂചനയാണ്. ധമനികളിലെ തടസ്സങ്ങൾ, രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. വിയർപ്പ്, ഓക്കാനം എന്നിവയോടൊപ്പം ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.