ഉപ്പൂറ്റിയിലെ വേദന ഒരു കാരണവശാലും അവ​ഗണിക്കരുത്; ഈ രോഗത്തിന്റെ ലക്ഷണമാകാം

മ്മുടെ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയും പോലെ പാദങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഉപ്പൂറ്റിവേദന ഇന്ന് സാധാരണമായി കണ്ടുവരുന്നൊരു പ്രശ്നമാണ്. രാവിലെ എഴുന്നേറ്റ് നടക്കുമ്പോൾ ഉപ്പൂറ്റിയിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. രണ്ട് കാരണങ്ങൾ കൊണ്ടാകാം ഈ വേദന വരുന്നത്.

പ്ലാന്റാര്‍ ഫേഷ്യറ്റിസ്

ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥകളിൽ ഒന്നാണ് പ്ലാന്റാര്‍ ഫേഷ്യറ്റിസ്. രാവിലെ ഉണരുമ്പോൾ ഉപ്പൂറ്റിക്ക് കഠിനമായ വേദന അനുഭവപ്പെടുന്നത് ഇതു മൂലമാകാം. ഉപ്പൂറ്റിയിലെ അസ്ഥികളും കാല്‍വിരലുകളുടെ അസ്ഥികളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കട്ടികൂടിയ പാടയാണ് പ്ലാന്റാര്‍ ഫേഷ്യ. ഈ ഫേഷ്യക്കുണ്ടാകുന്ന നീര്‍വീക്കമാണ് ക്രമേണ ഉപ്പൂറ്റിവേദനയിലേക്ക് നയിക്കുന്നത്. ഉപ്പൂറ്റിയിലെ അസഹനീയമായ വേദന, നീര്‍ക്കെട്ട്, സ്റ്റിഫ്നെസ് തുടങ്ങിയവയാണ് രോ​ഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഒരു കാലില്‍ മാത്രമായോ അല്ലെങ്കില്‍ രണ്ട് കാലുകളിലുമായോ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

അമിതവണ്ണം, തുടര്‍ച്ചയായി നില്‍ക്കുന്ന തരം ജോലികള്‍, നടത്തത്തിലെ പ്രശ്‌നങ്ങള്‍എന്നിവയെല്ലാം പ്ലാന്റാര്‍ ഫേഷ്യറ്റിസ് ബാധിക്കുന്നതിന്റെ ചില കാരണങ്ങളാണ്. കാലിന്റെ അടിയിലെ പേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നതും കാല്‍പാദത്തിലെ ആര്‍ച്ച് സംബന്ധമായ പ്രശ്നങ്ങള്‍, ഫ്‌ളാറ്റ് ഫൂട്ട്, റെയ്‌സ്ഡ് ആര്‍ച്ച് തുടങ്ങിയ കാരണങ്ങളാലും വേദന ഉണ്ടാകാം. പാദരക്ഷകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന അശ്രദ്ധ മറ്റൊരു പ്രധാന കാരണമാണ്.

സാധാരണയായി ഇത്തരം ഉപ്പൂറ്റിവേദനകള്‍ മരുന്നുകളുടെയും വ്യായാമത്തിന്റെയും സഹായത്തോടെ കുറയ്ക്കാവുന്നതാണ്. വിശ്രമം, ഐസിംഗ്, ബ്രേസ്, ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ എന്നിവ ചികിത്സയ്ക്കായി ഉപയോഗിക്കാം. ഐസ്‌ക്യൂബ് ഉപയോഗിച്ച് കാലിന്റെ അടിയില്‍ വേദനയുള്ള ഭാഗത്ത് 10-15 മിനിറ്റ് മസാജ് ചെയ്യുന്നത് ഫലപ്രദമാണ്. വേദന കുറയുന്നില്ലെങ്കിൽ, ലിഗമെന്റിന്റെ കേടായ ഭാഗത്തേക്ക് നേരിട്ട് കോർട്ടികോസ്റ്റീറോയിഡ് കുത്തിവയ്ക്കേണ്ടി വന്നേക്കാം.

അക്കില്ലസ് ടെൻഡനൈറ്റിസ്

ഉപ്പൂറ്റിയുടെ പിൻഭാഗത്താണ് വേദനയെങ്കിൽ അക്കില്ലസ് ടെൻഡനൈറ്റിസ് ആകാനുള്ള സാധ്യതയുണ്ട്. കാലിലെ ശക്തിയേറിയ പ്രധാനപേശികളെ ഉപ്പൂറ്റിയുമായി ബന്ധിപ്പിക്കുന്നതും നെരിയാണിയുടെ പിറകിലായി സ്ഥിതിചെയ്യുന്നതുമായ ഒരു തന്തുരൂപ സംയോജകലയേയാണ് അക്കില്ലസ് ടെൻഡൻ എന്ന് വിളിക്കുന്നത്. ഈ ടെൻഡനിൽ ഉണ്ടാകുന്ന വീക്കമാണ് ഇതിന് കാരണം. അമിതവണ്ണമുള്ള രോഗികൾ, കായികതാരങ്ങൾ, രക്തസമ്മർദ്ദമുള്ള ആളുകൾ എന്നിങ്ങനെയുള്ളവർ കുടുംബത്തിലുള്ളതായി ചരിത്രമുള്ള മുതിർന്ന പുരുഷന്മാർക്ക് അപകടസാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത്തരം വേദന അവ​ഗണിക്കുന്നത് രോഗാവസ്ഥ വഷളാകുന്ന സ്ഥിതിയിലേക്ക് നയിച്ചേക്കാം. അക്കില്ലസ് പിളർപ്പിന്റെ നിർണ്ണയം സാധാരണയായി ക്ലിനിക്കലാണ്, ചിലപ്പോൾ അൾട്രാസൗണ്ട് അല്ലെങ്കിൽ എം.ആർ.ഐ എന്നിവ സ്ഥിരീകരണത്തിനായി ഉപയോഗിക്കാറുണ്ട്. തുടക്കത്തിലെയുള്ള ചികിത്സ മികച്ച ഫലം നൽകാറുണ്ട്. നീരുവെക്കുന്നതും വീക്കവും തടയാൻ ഐസ് പാക്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *