മോദി ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നീ പ്രചാരണ പരിപാടികൾ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും, ഈ സംരംഭങ്ങൾക്ക് ഇതുവരെ കൃത്യമായ ഫലങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല.
രാജ്യത്തിന് തന്ത്രപരമായും സാമ്പത്തികമായും ശക്തമായ വെല്ലുവിളികൾ ഉയർത്തി ഇന്ത്യയുടെ നയതന്ത്രത്തെയും സമ്പദ്‌വ്യവസ്ഥയെയും പരീക്ഷിക്കാനൊരുങ്ങി പുറപ്പെട്ടിരിക്കുകയാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹവുമായി വളർത്തിയെടുത്ത വ്യക്തിപരമായ ബന്ധം പ്രശംസനീയമായിരുന്നു. മോദി അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്തുകയും അഹമ്മദാബാദിൽ ഒരു വമ്പിച്ച പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലുടനീളം പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
വികസന ചർച്ചകൾ നിരവധി കടന്നു വന്നെങ്കിലും ഇന്ത്യ-യുഎസ് ബന്ധങ്ങൾ ഇതുവരെ വഷളായിട്ടില്ല. മുൻകാലങ്ങളിൽ ട്രംപ് ഇന്ത്യയെ പ്രത്യേക താരിഫുകളോ തീരുവകളോ ഉപയോഗിച്ച് ലക്ഷ്യം വച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെ വ്യാപാര നടപടികൾ ആഗോളതലത്തിൽ പ്രയോഗിക്കപ്പെട്ടു, കാനഡ, ജപ്പാൻ തുടങ്ങിയ ദീർഘകാല സഖ്യകക്ഷികളെ പോലും ഇത് കരവലയത്തിലൊതുക്കി എന്ന് വേണം കരുതാൻ. ട്രംപ് ഇന്ത്യയെ സുഹൃത്ത് എന്ന് പരാമർശിക്കുന്നത് തുടരുകയും മോദിയെ തന്റെ സുഹൃത്ത് എന്നും വിളിക്കുകയും ചെയ്തു.
ഇതിനിടയിൽ പാകിസ്ഥാനോടുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾ ന്യൂഡൽഹിയിൽ അസ്വസ്ഥത സൃഷ്ടിച്ചു തുടങ്ങി. ദക്ഷിണേഷ്യയിലെ ചൈനീസ് സ്വാധീനം സന്തുലിതമാക്കാനുള്ള ശ്രമങ്ങളിൽ നിന്നാണ് പാകിസ്ഥാനുമായുള്ള ട്രംപിന്റെ തന്ത്രപരമായ കണക്കുകൂട്ടലുകൾ ഉടലെടുക്കുന്നത്. ട്രംപിന്റെ വ്യാപാര നയങ്ങൾ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ അടുത്ത സഖ്യകക്ഷികളെ പോലും ബാധിച്ചിട്ടുണ്ട്. നയതന്ത്ര സൗഹാർദ്ദത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇന്ത്യയ്ക്ക് ഇളവുകൾ പ്രതീക്ഷിക്കാനാവില്ല എന്നതാണ് യാഥാർഥ്യം.
ട്രംപ് ഭരണകൂടത്തിനുള്ളിൽ, ഇന്ത്യയെ അനുകൂലിക്കുന്ന സ്വാധീനമുള്ള ശബ്ദങ്ങളുണ്ട്, പ്രത്യേകിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ട്രംപിന്റെ തീരുമാനങ്ങളെ റൂബിയോ മറികടക്കില്ലെങ്കിലും, വിദേശനയ ചർച്ചകളിൽ അദ്ദേഹത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ഇന്ത്യയുടെ ദീർഘകാല പിന്തുണക്കാരനായ റൂബിയോ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇസ്രായേൽ, നാറ്റോ രാജ്യങ്ങൾ തുടങ്ങിയ സഖ്യകക്ഷികളെപ്പോലെ ഇന്ത്യ പരിഗണന അർഹിക്കുന്നുവെന്ന് വാദിച്ചു. കുറഞ്ഞത് താരിഫുകളുടെ കാര്യത്തിലെങ്കിലും ട്രംപ് റൂബിയോയെ കേൾക്കാൻ സാധ്യതയുണ്ട്.
2024 ജൂലൈയിൽ, റൂബിയോ യുഎസ് സെനറ്റിൽ ‘യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ ഡിഫൻസ് കോ-ഓപ്പറേഷൻ ആക്ട് 2024’ അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ, സൈനിക, സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനാണ് ആ ബിൽ ശ്രമിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ പാകിസ്ഥാൻ തീവ്രവാദത്തെയും പ്രോക്‌സി ഗ്രൂപ്പുകളെയും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കോൺഗ്രസ് റിപ്പോർട്ടുകൾ ആവശ്യപ്പെടുന്ന വ്യവസ്ഥകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ ഭീകരതയെ സ്‌പോൺസർ ചെയ്തതായി കണ്ടെത്തിയാൽ പാകിസ്ഥാനുള്ള യുഎസ് സുരക്ഷാ സഹായം വെട്ടിക്കുറയ്ക്കാനും ബിൽ നിർദ്ദേശിച്ചിരുന്നു.
ബിൽ സെനറ്റ് വിദേശകാര്യ കമ്മിറ്റിക്ക് റഫർ ചെയ്തു. ഇപ്പോൾ, റൂബിയോ സ്റ്റേറ്റ് സെക്രട്ടറിയുടെ ശക്തമായ സ്ഥാനം വഹിക്കുന്നതിനാൽ, ഇത് പാസാകാനുള്ള സാധ്യത ഏറെയാണ്. എന്നിരുന്നാലും, നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കണക്കിലെടുക്കുമ്പോൾ, ബിൽ വൈകുകയോ മാറ്റിവയ്ക്കുകയോ ചെയ്യപ്പെട്ടേക്കാം.
എന്നിരുന്നാലും, ചൈനയ്ക്ക് എതിരായി ഇന്ത്യയുടെ വളർച്ചയെ അനുകൂലിക്കുന്ന ഒരു തന്ത്രപരമായ ദക്ഷിണേഷ്യൻ നയത്തിന് റൂബിയോ വാദിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ട്രംപിന്റെ മുന്നോട്ടുള്ള നീക്കത്തിൽ അദ്ദേഹത്തിന് എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയുമെന്ന് വ്യക്തമല്ലെങ്കിലും രാജ്യത്തിന് ഗുണകരമായ നീക്കം നടത്തുമെന്നാണ് കരുതുന്നത്.
മോദിയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഗുരുതരമായ ഒരു പരീക്ഷണമായി കരുതാം. പുതിയ താരിഫ് സംവിധാനം കൃത്യമായും ഒരു തിരിച്ചടിയാണ്. ഇത് സാമ്പത്തിക വളർച്ചയെയും തൊഴിലവസര സൃഷ്ടിയെയും ബാധിച്ചേക്കാം. വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ഈ താരിഫുകൾ ഇന്ത്യയ്ക്ക് ആഭ്യന്തര ഉൽപ്പാദനവും, ഉപഭോഗ അടിത്തറ കൂടുതൽ ആഴത്തിലാക്കാനുള്ള അവസരവുമാണ് നൽകുന്നത്. യുഎസ് ഇന്ത്യയുടെ ഏക വ്യാപാര പങ്കാളിയല്ല എന്നും ബദൽ വിപണികൾ ലഭ്യമാണ് എന്നതും ഓർത്താൽ നന്ന്.
നിക്ഷേപ രംഗത്ത്, ട്രംപിന്റെ പ്രധാന താരിഫ് ലക്ഷ്യങ്ങളിൽ ഒന്നായ ആപ്പിൾ പോലുള്ള കമ്പനികളെ നിലനിർത്തുന്നതിന് പ്രോത്സാഹനങ്ങൾ നൽകുന്നത് മോദിയുടെ സർക്കാരിന് പരിഗണിക്കാവുന്നതാണ്. ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ട്രംപ് ഇതിനകം തന്നെ ആപ്പിളിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. താരിഫ് സമ്മർദ്ദങ്ങൾക്ക് ഇരയാകുന്നതിനേക്കാൾ സാമ്പത്തികമായി അത്തരം നിർമ്മാണ കേന്ദ്രങ്ങൾ ഇന്ത്യയ്ക്കുള്ളിൽ നിലനിർത്തുന്നതാണ് ബുദ്ധിപരം. അതിനുള്ള തന്ത്രങ്ങൾ മെനയേണ്ടിയിരിക്കുന്നു. ട്രംപിന് തീരുവകൾ ചുമത്താൻ കഴിയുമെങ്കിൽ, രാജ്യത്തിന് ആഭ്യന്തര നടപടികളിലൂടെ അതിനെ നേരിടാൻ സാധിക്കണം.