ഉച്ചത്തിൽ കൂർക്കംവലിയും അമിതക്ഷീണവുമുണ്ടോ? കാരണം ഇതാകാം…

ഉറക്കത്തിനിടയിൽ ഒട്ടേറെ തവണ ശ്വാസം നിലച്ചുപോകുന്ന അവസ്‌ഥയാണ് ഉറക്കത്തിലെ ശ്വാസതടസം അഥവാ ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ സിൻഡ്രോം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ ഉറക്കത്തകരാറാണിത്. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് പ്രഷറിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ശ്വാസനാളത്തിലെ പേശികൾക്കു കഴിയാതെ വരുമ്പോൾ ശ്വാസനാളം അടഞ്ഞു പോകുന്നതു കൊണ്ടാണ് സ്ലീപ് അപ്‌നിയ ഉണ്ടാകുന്നത്. പുരുഷന്മാരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ആർത്തവചക്രം നിലച്ച സ്ത്രീകളിലും കണ്ടുവരുന്നുണ്ട്. 

സ്ലീപ് അപ്നിയയുടെ കാരണങ്ങൾ

ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും സ്ലീപ് അപ്നിയയ്ക്ക് കാരണമാണ്. അമിതവണ്ണമാണ് പ്രധാന കാരണമായി പറയപ്പെടുന്നത്. ജന്മനാ താടിയെല്ലിനുണ്ടാകുന്ന വൈകല്യങ്ങൾ (ചെറിയ താടിയെല്ല്, കൂടുതൽ പുറകോട്ടു തള്ളിയ താടിയെല്ല്), മൂക്കിനുളളിലുണ്ടാകുന്ന തടസ്സങ്ങൾ (പാലത്തിന്റെ വളവ്, ദശ വളർച്ച), ചെറിയ കഴുത്ത്, തൈറോയ്‌ഡിന്റെ പ്രവർത്തനക്കുറവ്, അമിത രക്തസമ്മർദം, പ്രമേഹം, പാരമ്പര്യ ഘടകങ്ങൾ, കുട്ടികളിലെ അഡിനോയ്‌ഡ് ഗ്രന്ഥിയുടെ അമിതവളർച്ച തുടങ്ങിയവയൊക്കെ സ്ലീപ് അപ്നിയയ്ക്കുള്ള കാരണങ്ങളാണ്. ശരിയായ ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ ശരീരത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

രോഗലക്ഷണങ്ങൾ

ഉച്ചത്തിൽ കൂർക്കം വലിക്കുക, പകൽസമയത്ത് അമിതമായ ക്ഷീണം, ശ്വാസം മുട്ടി എഴുന്നേൽക്കുക, ഉത്സാഹം കുറവ്, പെട്ടെന്നു ദേഷ്യം വരിക, ഡിപ്രഷൻ, ദൈനംദിന ജോലികളിൽ ശ്രദ്ധ ചെലുത്താൻ കഴിയാതെ വരിക, പ്രമേഹവും രക്തസമ്മർദവും നിയന്ത്രിക്കാൻ കഴിയതെ വരിക തുടങ്ങിയ പ്രശ്നങ്ങളൊക്കെ സ്ലീപ് അപ്നിയ മൂലം ഉണ്ടാകും. സ്ലീപ് അപ്നിയ ഉള്ളവർക്ക് പക്ഷാഘാതത്തിനുള്ള സാധ്യതയും ഏറെയാണ്.

സ്ലീപ് അപ്നിയയുടെ ചികിത്സ

സ്ലീപ് അപ്നിയ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. രോഗിയുടെ പൂർണ്ണപിന്തുണയും സഹകരണവും ഇതിന് ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുക എന്നതാണ് സ്ലീപ് അപ്നിയയുടെ ചികിത്സയിൽ ഏറ്റവും പ്രധാനം. ഒരു വശത്തേക്ക് ഉറങ്ങുക, ശ്വാസനാളങ്ങൾ തുറക്കാൻ നാസൽ സ്ട്രിപ്പുകൾ ഉപയോഗിക്കുക തുടങ്ങിയ ലളിതമായ മാർഗങ്ങളിലൂടെ പലരിലും രോഗം മാറ്റിയെടുക്കാം. കഠിനമായ കേസുകൾക്ക് പലപ്പോഴും രാത്രിയിൽ ഉപയോഗിക്കാവുന്ന മുഖത്ത് മാസ്ക് മുഖേന ഘടിപ്പിക്കാവുന്ന വെന്റിലേറ്റർ (സിപിഎപി) പോലുള്ള മെഡിക്കൽ ഉപകരണങ്ങൾ ആവശ്യമാണ്. ചില ആളുകൾക്ക് ശസ്ത്രക്രിയ വേണ്ടിവന്നേക്കും. അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള രോഗികളിൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയും കാര്യമായ വ്യത്യാസം വരുത്തും. 

രോഗം നേരത്തേ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത് ഉറക്കം മെച്ചപ്പെടുത്താനും ഊർജം വർധിപ്പിക്കാനും ഹൃദ്രോഗം പോലുള്ള ഗുരുതരമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *