ലോക അഞ്ചാം നമ്പർ താരം കൊനേരു ഹംപിയെ വീഴ്ത്തി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകപ്പ് കിരീടം നേടി. തിങ്കളാഴ്ച ജോർജിയയിലെ ബറ്റുമിയിൽ നടന്ന കലാശപോരാട്ടത്തിന്റെ ടൈബ്രേക്കറിലായിരുന്നു ലോക 18 നമ്പർ ദിവ്യയുടെ കിരീട നേട്ടം. ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ദിവ്യ ദേശ്മുഖ്. പരാജയപ്പെടുത്തിയതും ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെയാണ്. നേരത്തെ സെമിഫൈനലിൽ ചൈനീസ് എതിരാളികളായ ലീ ടിങ്ജിയെയും ടാൻ സോങ്‌യിയെയും പരാജയപ്പെടുത്തിയാണ് കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും കിരീട പോരാട്ടത്തിന് യോഗ്യത നേടിയത്.
രണ്ട് ഗെയിമുകളുള്ള ക്ലാസിക് പോരാട്ടത്തിൽ ഇരുവരും പോയിന്റുകൾ തുല്യമായി പങ്കിട്ടതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയത്. ടൈബ്രേക്കിന്റെ ആദ്യ ഗെയിമു സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം ഗെയിമിൽ കൊനേരുവിന്റെ പരിചയസമ്പത്തിനെ അട്ടിമറിച്ച് ദിവ്യ ഗ്രാൻഡ് മാസ്റ്റർ കിരീടം നേടിയത്. ഇന്ത്യയിൽ നിന്ന് ഗ്രാൻഡ് മാസ്റ്റർ പദവിയിലേക്ക് എത്തുന്ന നാലാമത്തെ മാത്രം വനിതാ ചെസ് താരമാണ് ദിവ്യ ദേശ്മുഖ്.
നാല്‍പത്തിയൊന്നാം നീക്കത്തിന് ശേഷമായിരുന്നു ആദ്യ മത്സരം സമനിലയിലായത്. ഇരുവര്‍ക്കും ഓരോ പോയിന്റ് വീതമായതോടെയാണ് ടൈ ബ്രേക്കറിലേക്ക് കിരീടപ്പോരാട്ടം നീണ്ടത്. റാപ്പിഡ്, ബ്ലിറ്റ്‌സ് ഫോര്‍മാറ്റുകളിലാണ് ടൈ ബ്രേക്കര്‍ ഗെയിമുകള്‍. ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള 10 മിനിറ്റുളള രണ്ട് റാപ്പിഡ് ഗെയിമായിരുന്നു ആദ്യം. ഹംപിയോ, ദിവ്യയോ.ആര് ജയിച്ചാലും ഇന്ത്യക്ക് ആദ്യ വനിതാ ലോകകപ്പ് ചാമ്പ്യന്‍ ഉറപ്പായിരുന്നു. ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക.