ജാനകി വി പുതുക്കിയ പതിപ്പ് നാളെ സെൻസർ ബോർഡിൽ സമർപ്പിക്കും; ഇന്ന് രാത്രി റീ എഡിറ്റ് പൂർത്തിയാകും;സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയാന്‍ പറ്റാത്തത് : സംവിധായകൻ പ്രവീൺ നാരായണൻ

കൊച്ചി : ജാനകി വി ആയി മാറിയ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതുക്കിയ പതിപ്പ് നാളെ സെൻസർ ബോർഡിൽ സമർപ്പിക്കുമെന്നു സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. റീ എഡിറ്റിംഗ് ഇന്ന് രാത്രിയോടെ പൂർത്തിയാകുമെന്നും സംവിധായകൻ പറഞ്ഞു.

രണ്ട് സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. കലാകാരനെന്ന നിലയില്‍ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റത്തിൽ പ്രതിഷേധം തുടരണമെന്നും സംവിധായകൻ പറഞ്ഞു.

ചില സീനുകള്‍ ഒഴിവാക്കണമെന്ന് ആദ്യം പറഞ്ഞിരുന്നു. അത് സാധ്യമല്ലെന്ന് ഞങ്ങള്‍ കൃത്യമായി പറഞ്ഞു. ആ സീനുകള്‍ക്ക് സിനിമയില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസിലാക്കി നിര്‍മാതാക്കള്‍ എന്റെ കൂടെ തന്നെ നിന്നു. സെൻസർ ബോർഡ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തെ കുറിച്ച് മെറിറ്റില്‍ സംസാരിക്കുകയാണെങ്കില്‍ ഒരുപാട് പറയാനുണ്ട്. അതില്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പോലും പറയാന്‍ പറ്റാത്ത കാര്യങ്ങളാണ്.

ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കാന്‍ സാധ്യത കുറവാണ്. സിനിമ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സിനിമയുടെ പ്രൊഡക്ഷനിലുള്ളവരെല്ലാം കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി എന്റെ കൂടെ നില്‍ക്കുന്നവരാണ്.ചിത്രം റീ സെന്‍സറിങ്ങിന് നല്‍കിക്കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി സെന്‍സര്‍ ബോര്‍ഡിനോട് പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ 18-ന് ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നാണ് വിതരണക്കാര്‍ പറയുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *