ശിവക്കാവിലേക്ക് ദി​ഗംബരൻ വീണ്ടുമെത്തുന്നു; വെളിപ്പെടുത്തലുമായി കഥാകൃത്ത് സുനിൽ പരമേശ്വരൻ

ലയാള പ്രേക്ഷകർ ഏറ്റെടുത്ത മാജിക്കൽ റിയലിസമായിരുന്നു സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തിയ പ്രിഥ്വിരാജ് ചിത്രം അനനന്തഭദ്രം. നാട്ടിൻപുറത്തെ മുത്തശ്ശിക്കഥയെ അരങ്ങിലെത്തിച്ച് വിസ്മയിപ്പിച്ച ചിത്രം രചിച്ചത് പ്രസിദ്ധ നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുനിൽ പരമേശ്വരനാണ്. ഇപ്പോഴിതാ അടുത്തിടെ ഒരു ഓൺലൈൻ മീഡിയയക്ക് നൽകി അഭിമുഖത്തിൽ അനന്തഭദ്രത്തിന്റെ തുടർച്ചയായ, ദി​ഗംബരനെ കേന്ദ്രകഥാ പാത്രമാക്കി സിനിമയെത്തുമെന്ന് സുനിൽ പരമേശ്വരനെന്ന കാന്തല്ലൂർ സ്വാമി തന്നെ വെളിപ്പെടുത്തുകയാണ്.

മുത്തശ്ശികഥകളും പ്രേതക്കഥകളും നിറഞ്ഞ സങ്കൽപ്പത്തിൽ മുൻനിർത്തിയാണ് പൃഥ്വിരാജ് ചിത്രം അനന്തഭദ്രം അരങ്ങിലേക്ക് എത്തിയത്. മനോരമയിൽ പ്രസിദ്ധീകരിച്ച നോവലിനെ ആസ്പദമാക്കിയിരുന്നു ചിത്രം. തീയറ്ററിലും പിന്നീട് മിനി സ്ക്രീനിലും ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ ഇഷ്ടചിത്രമായി അനന്തഭദ്രം മാറി. ചിത്രത്തിന്റെ ഛായാ​​ഗ്രാഹണവും, ലൊക്കേഷനും കഥാപാത്ര നിർമ്മിതിയുമൊക്കെയായി വേറിട്ട മേക്കിങ്ങിലാണ് കഥ കടന്നു പോകുന്നതും.

മനോജ് കെ ജയൻ അവതരിപ്പിച്ച ദി​ഗംബരൻ എന്ന കഥാപാത്രം ഹിറ്റായി പിന്നീട് മാറുകയും ചെയ്തു. ശിവക്കാവും, നാ​ഗമാണിക്യവും, കുഞ്ഞൂട്ടനെന്ന കുഞ്ഞി സർപ്പവും, ആഭിചാരവും ദുർമന്ത്രവാദവും, പുനർജന്മവും നിറഞ്ഞു നിൽക്കുന്ന കഥയിലെ രം​ഗങ്ങളും പശ്ചാത്തല സം​ഗീതവും കൗതുകം പകരുന്നതായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ദി​ഗംബരൻ ഉടനെത്തുമെന്ന് ചിത്രത്തിന്റെ കഥ എഴുതിയ സുനിൽ പരമേശ്വരൻ വെളിപ്പെടുത്തുന്നു.

ദി​ഗംബരൻ ഒൻപത് മാസം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച സ്ക്രിപ്റ്റായിരുന്നു. പക്ഷേ കഥാപാത്രങ്ങളേയും കഥയേയും ഉൾക്കൊണ്ടപ്പോൾ ആ എഴുത്ത് അഞ്ച് വർഷത്തോളം നീണ്ടു. നാല് ദിവസം കൊണ്ടെഴുതിയ നോവലും അഞ്ച് ദിവസം കൊണ്ടെഴുതിയ തിരക്കഥയും സന്തോഷ് ശിവന്റെ വീട്ടിലിരുന്നാണ് എഴുതി തീർത്തത്. ഞാൻ എഴുതിക്കൊടുത്ത ഓരോ സീനും അപ്പോൾ തന്നെ സന്തോഷ് ശിവൻ കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്തു. അതിരൻ സിനിമയുടെ സംവിധായകനായ വിവേക് തോമസാണ് ആ​ഗ്രഹം പ്രകടിപ്പിച്ച് എത്തിയത്.

അദ്ദേഹം എനിക്കൊപ്പം നിന്നു. ദി​ഗംബരന്റെ വളർച്ചയും തളർച്ചയും ശക്തിയും എന്താണെന്ന് എന്റെ മനസിലുള്ളത് വിവേക് തോമസ് തിരിച്ചറിഞ്ഞു. അദ്ദേഹം സിനിമയ്ക്കായി എന്നെ പോലെ തന്നെ ആവേശം കൊണ്ടെന്നും സുനിൽ പരമേശ്വരൻ പറയുന്നു. എന്റെ 32മത്തെ വയസിലാണ് അനന്തഭദ്രം എഴുതുന്നത്. അറുപത്തിരണ്ടിലേക്ക് കടക്കുമ്പോൾ ദി​ഗംബരൻ പൂർണരൂപത്തിൽ സിനിമയായി എത്തുമെന്നാണ് പ്രതീക്ഷ. 23 വർഷം മുൻപ് നിർമ്മിച്ച ആ സിനിമയിലെ ഓരാ സീൻ പോലും വിവേക് തോമസിന് കാണാപ്പാഠമാണെന്നും സുനിൽ പരമേശ്വരൻ പ്രതികരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *