ബെംഗളൂരു: ധർമസ്ഥലയിൽ തിങ്കളാഴ്ച്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥികൾ രണ്ട് വർഷം മാത്രം പഴക്കമുള്ളതാണെന്ന് നിഗമനം. സാക്ഷി ചൂണ്ടികാണിച്ച പതിനൊന്നാമത്തെ പോയിന്റിൽ നിന്ന് മാറി, ഉൾകാട്ടിലെ തിരച്ചിലിൽ ലഭിച്ച അസ്ഥികൾക്കാണ് രണ്ട് വർഷം മാത്രം പഴക്കം അനുമാനിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഫോറൻസിക് റിപ്പോർട്ടുകൾ ലഭ്യമാകേണ്ടതുണ്ട്. അസ്ഥികൾക്ക് രണ്ട് വർഷം പഴക്കം മാത്രമേ ഉള്ളു എന്നതിനാൽ എസ് ഐ ടി അന്വേഷിക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ.
ചിതറിയ നിലയിലാണ് അസ്ഥികൾ കണ്ടെടുത്ത്. മൃദേഹങ്ങൾ കുഴിച്ചിട്ട നിലയിലായിലല്ലാതെ ഏകദേശം മൂന്നടി താഴ്ച്ചയിൽ കുഴിച്ചപ്പോൾ തന്നെ അസ്ഥികൾ ലഭിക്കുകയായിരുന്നു. അസ്ഥികളിൽ ടിഷ്യു ഉണ്ടായിരുന്നതിനാൽ ഇതും മറ്റ് ഭാഗങ്ങളും ഉപയോഗിച്ച് ഫോറൻസിക് പരിശോധന വഴി പഴക്കം കണ്ടെത്താൻ സാധിക്കും.വിശദമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം ഭാവി കാര്യങ്ങൾ തീരുമാനീക്കുക.
1995 മുതൽ 2014 വരെ ധർമസ്ഥലയിൽ നിരവധി പെൺകുട്ടികളും സ്ത്രീകളും അടക്കമുള്ളവരുടെ മൃതശരീരങ്ങൾ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പടെ ചിലരുടെ ഭീഷണികൾക്ക് വഴങ്ങി കുഴിച്ചിട്ടു എന്ന മുൻ ക്ഷേത്ര ശുചീകരണ തൊഴിലാളിയുടെ മൊഴിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് സാക്ഷി പറഞ്ഞ പതിമൂന്ന് സ്ഥലങ്ങൾ അടയാളപ്പെടുത്തി നേത്രാവതി നദിക്കു സമീപവും വനത്തിലും റോഡരികിലുമായിട്ടാണ് തിരച്ചിൽ നടക്കുന്നത്. മറവ് ചെയ്തതിൽ ലൈംഗീക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളുടെയടക്കം മൃതദേഹങ്ങൾ ഉണ്ടെന്നാണ് വെളിപ്പെടുത്തൽ.
അന്വേഷണ സംഘം ഇതുവരെ 100 അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സൈറ്റ് 6, സൈറ്റ് 11-എ എന്നിവിടങ്ങളിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങൾ, 16 വർഷത്തിലേറെ പഴക്കമുള്ളവയാണ്. അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയ തെളിവുകളിൽ ഏറ്റവും പ്രധാനമാണിത്.