ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) ഭാഗങ്ങളിലും ശക്തമായ ഭൂചലനം. ഹരിയാനയിലെ ഝജ്ജർ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ ആഴം പത്തു കിലോമീറ്ററായിരുന്നുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി അറിയിച്ചു. രാവിലെ 9.04 ന് ആയിരുന്നു ഭൂചലനം. ഭൂചലനം ഒരു മിനിറ്റ് നീണ്ടുനിന്നു. ഇതുവരെ ആൾനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജജ്ജറിലെ പ്രഭവകേന്ദ്രത്തിൽനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റ്, ഷാംലി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുവിട്ടു പുറത്തേക്കോടി. വീട്ടുപകരണങ്ങളും ഫാനുകളും ആടിയുലഞ്ഞെന്നു പ്രദേശവാസികൾ പറഞ്ഞു. നോയിഡയിലും ഗുരുഗ്രാമിലും ചില കെട്ടിടങ്ങൾ കുലുങ്ങി. ഓഫീസുകളിൽനിന്നും താമസസ്ഥലത്തുനിന്നും പരിഭ്രാന്തരായ ആളുകൾ പുറത്തേക്കോടി.
വീട്ടുപകരണങ്ങൾ ഇളകുന്നതിന്റെയും ഫാനുകൾ ആടിയുലയുന്നതിന്റെയും ദൃശ്യങ്ങൾ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഭൂകമ്പം ഉണ്ടായ ഉടൻതന്നെ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) മുന്നറിയിപ്പ് നൽകി. പരിഭ്രാന്തരാകരുതെന്നും പുറത്തേക്ക് ഓടരുതെന്നും പടികൾ കയറരുതെന്നും നിർദേശം നൽകി.
1720 മുതൽ, റിക്ടർ സ്കെയിലിൽ 5.5 ന് മുകളിൽ തീവ്രതയുള്ള അഞ്ച് ഭൂകമ്പങ്ങളെങ്കിലും ഡൽഹിയെ വിറപ്പിച്ചിട്ടുണ്ട്. ഡൽഹി സ്ഥിതി ചെയ്യുന്നത് ഭൂകമ്പ സാധ്യത കൂടുതലുള്ള സീസ്മിക് സോൺ 4ൽ ആണ്.