പുറത്തിറക്കിയതും അകത്താക്കിയതും ആരുടെ ബലത്തിലാണെന്നറിയാം; തുറന്നടിച്ച് സഭാ മുഖപ്രസംഗം

കൊച്ചി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ സംഭവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് കത്തോലിക്ക സഭയുടെ മുഖപ്രത്രമായ ദീപികയിൽ മുഖപ്രസംഗം. ‘മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറി’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തിൽ സ്വതന്ത്ര ഇന്ത്യയുടെ എല്ലാ ജനാധിപത്യ-മതേതത വളർച്ചകളെയും ദുർബലമാക്കിക്കൊണ്ട് ഭരണകൂട പിന്തുണയിൽ ഹിന്ദുത്വ വർഗീയത ആർജിച്ച ഫാസിസ്റ്റ് കുതിപ്പിനെ മതേതര ഇന്ത്യ താത്കാലികമായെങ്കിലും വഴിയിൽ തടഞ്ഞിരിക്കുന്നുവെന്നാണ് പറയുന്നത്. ഇത് വർദീയത്യക്കുമേൽ മതേതര സാഹോദര്യത്തിന്റെ വിജയമാണെന്ന് പറയുമ്പോഴും ആരും പിരിഞ്ഞു പോകരുചെന്നും വർഗീയ ആൾക്കൂട്ടങ്ങൾ ഇവിടെ തന്നെയുണ്ടെന്ന മുന്നറിയിപ്പും ലേഖനത്തിലൂടെ നൽകുന്നു. 

അതേസമയം, കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന അവകാശവാദങ്ങളെയും വിമർശിക്കുന്നതാണ് ലേഖനം. “ആരാണ് കന്യാസ്ത്രീമാരെ പുറത്തിറക്കാൻ സഹായിച്ചത് എന്നതൊന്നും ക്രിസ്ത്യാനികളെ ആരും പറഞ്ഞു മനസിലാക്കേണ്ടതില്ല. പുറത്തിറക്കിയതു മാത്രമല്ല അകത്താക്കിയതും ആരുടെ ബലത്തിലാണെന്ന് അവർക്കറിയാം. ഇത് തുടങ്ങിയിട്ട് എത്ര നാളായെന്നുമറിയാം. ഇതു ഛത്തീസ്ഗഡിലല്ലേ, കേരളം മതേതരത്വത്തിന്റെ പൊന്നാപുരം കോട്ടയല്ലേയെന്നു കരുതുന്ന നിഷ്കളങ്കരുമുണ്ടാകാം.” ലേഖനം പറയുന്നു. 

കിട്ടിയ അവസരം മുതലെടുത്തവരുമുണ്ടെന്ന് കുറ്റപ്പെടുത്തുന്ന ലേഖനം ക്രൈസ്തവ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും പറഞ്ഞ് പേടിപ്പിക്കാൻ നോക്കികളഞ്ഞുവെന്നും പറയുന്ന ലേഖനം തങ്ങളെന്തോ ഒന്നാന്തരം പൗരന്മാരാണെന്ന് അവരെ ആരോ പറഞ്ഞു പറ്റിച്ചാതാകമെന്നും പരിഹസിക്കുന്നുമുണ്ട്. അല്ലെങ്കിൽ ഭരണഘടനയെന്ന് കരുതി ഏതോ ചിന്താധാര വായിച്ചിട്ടുണ്ടാകാമെന്നും ലേഖനത്തിൽ പരിഹസിക്കുന്നു. 

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പള്ളികളിൽ ഇന്ന് ഇടയലേഖനവും വായിച്ചു. അറസ്റ്റില്‍ പ്രതിഷേധം തുടരുമെന്നാണ് ഇടയലേഖനം. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാര്‍ഹമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നടന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കൃത്യമായ ഇടപെടലുണ്ടായില്ല. ഇത് പ്രതിഷേധാര്‍ഹമാണെന്ന് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *