നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദക്കൊപ്പം രാത്രി ഹോട്ടല്‍ മുറിയില്‍ താമസിച്ച ബിരുദ വിദ്യാര്‍ഥിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവാവിന്റെ കുടുംബം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.
കോഴിക്കോട് പേരാമ്പ്ര പെരുവണ്ണാമൂഴി വലിയ വളപ്പില്‍ ദിനേശന്റെയും ഷീലയുടെയും മകനായ അജയ് കുമാര്‍(23)ആണ് കഴിഞ്ഞ ജൂണ്‍ 22ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി ഹോട്ടലിന്റെ നാലാം നിലിയില്‍ നിന്ന് വീണ് മരിച്ചത്. സംഭവത്തില്‍ ലഹരിമാഫിയക്ക് ബന്ധമുള്ളതായാണ് കുടുംബം സംശയിക്കുന്നത്. മൈസൂരില്‍ ബിബിഎ വിദ്യാര്‍ഥിയായ അജയ് കുമാര്‍ എ്ന്തിനാണ്, ആര്‍ക്കൊപ്പമാണ് നിലമ്പൂരില്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. ഹിമലല്‍ ഭദ്രാനന്ദയുടെ മുറിയില്‍ നിന്നാണ് അജയ് കുമാര്‍ പുറത്തേക്ക് ചാടിയത്. ഹിമവല്‍ ഭദ്രാനന്ദയുടെ മുറിയിലാണ് താന്‍ സാമസിക്കുന്നതെന്നും കൂടെ ആരുമില്ലാത്തതുകൊണ്ടാണ് താന്‍ കൂട്ട് നില്‍ക്കുന്നതെന്നും പിറ്റേന്ന് വീട്ടിലെത്താമെന്നും രാത്രി ഫോണില്‍ സംസാരിച്ചപ്പോള്‍ അജയ് കുമാര്‍ പറഞ്ഞതായി അമ്മ ഷീല പറയുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോഴാണ് താന്‍ വിവരമറിഞ്ഞതെന്നാണ് ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞത്. ഹിമവല്‍ ഭദ്രാനന്ദയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

താന്‍ നടത്തുന്ന ആന്റി ഡ്രഗ്‌സ് ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ടാണ് അജയ് കുമാര്‍ മറ്റുള്ളവര്‍ക്കൊപ്പം നിലമ്പൂരില്‍ വന്നതെന്ന് ഭദ്രാനന്ദ പറയുന്നു. എന്നാല്‍ സംഭവ ദിവസം യുവാവ് അമിതമായി മദ്യപിച്ചിരുന്നു. കൂടെയുള്ളവര്‍ താങ്ങിപ്പിടിച്ചാണ് ഇയാളെ തന്റെ മുറിയില്‍ കൊണ്ടുവന്ന് കിടത്തിയത്. താന്‍ ഉറക്കമായതിനാല്‍ യുവാവ് ജനലിലൂടെ ചാടിയ വിവരമൊന്നും അറിഞ്ഞില്ല. ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ചാടി പോലുള്ള ചാട്ടമായിരുന്നു അതെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. ഇത് വിവാദമാക്കുന്നതിന് പിന്നില്‍ തന്നോട് വിരോധമുള്ള ഹിന്ദു മഹാസഭയിലെ ചിലരാണെന്നും ഭദ്രാനന്ദ പറയുന്നു. നുണപരിശോധന ഉള്‍പ്പെടെ ഏത് തരത്തിലുള്ള അന്വേഷണത്തിനും താന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നത് തന്റെ കൂടി ആവശ്യമാണെന്നും ഭദ്രാനന്ദ പ്രതികരിച്ചു.