കൊച്ചി: ഡാര്‍ക്ക് നെറ്റ് ലഹരിയിടപാട് കേസിൽ പ്രതികളായ എഡിസൺ, സുഹൃത്ത് അരുൺ തോമസ്, കെ വി ഡിയോൾ എന്നിവർക്കായുള്ള നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
വിപുലമായ നെറ്റ്വർക്ക് ആണ് ഇവരുടേത് എന്നാണ് എൻസിബി കരുതുന്നത്. മുഖ്യപ്രതി എഡിസൺ ബാബു, അരുൺ തോമസ്, ഡിയോൾ എന്നിവർ ഒരുമിച്ചു പഠിച്ചവരാണ്. മൂവാറ്റുപുഴയിലെ ഒരു സ്വകാര്യ കോളേജിലാണ് മൂവരും പഠിച്ചത്. ഡിയോൾ ആണ് എഡിസണെ ലഹരിയിടപാടുകളിലേക്ക് കൊണ്ടുവന്നത് എന്നാണ് സൂചന. ഡിയോളിന് ഓസ്ട്രേലിയയിൽ അടക്കം ലഹരിയിടപാട് ഉണ്ടായിരുന്നു. ഇതിലൂടെ അയാൾ കോടികൾ സമ്പാദിച്ചിരുന്നു. എഡിസണെയും ലഹരിയിടപാട് ലോകത്തെക്കെത്തിച്ചത് ഡിയോൾ ആണെന്നാണ് എൻസിബിയുടെ നിഗമനം.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ ഡാര്‍ക്ക്നെറ്റില്‍ സജീവമാണ്. ഇംഗ്ലണ്ടില്‍നിന്നാണ് മയക്കുമരുന്നെത്തിച്ചത്. എല്‍എസ്ഡി ബ്ലോട്ടുകള്‍ ഓരോന്നിനും 2500 മുതല്‍ 4000 രൂപവരെ വിലയുണ്ട്. നാല് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് 28-ന് കൊച്ചിയിലെ മൂന്ന് തപാല്‍ പാഴ്സലുകളില്‍നിന്ന് 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ എന്‍സിബി പിടിച്ചെടുത്തത്. അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശി പാഴ്സലുകള്‍ ഡാര്‍ക്ക്നെറ്റ് വഴി ഓര്‍ഡര്‍ ചെയ്തതായി കണ്ടെത്തി. 29-ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കിസാധനങ്ങള്‍ പിടിച്ചെടുത്തത്