‘അങ്ങനെ തോറ്റു കൊടുക്കാന്‍ മനസില്ല, ചീക്കു ഭായിയുടെ ശിഷ്യനാണ്’; ബുംറയോളം വളരുന്ന സിറാജ്, കോഹ്ലിക്ക് നന്ദി

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിക്കു അരികെയാണ്. ആതിഥേയരായ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് വെറും 35 റണ്‍സ്, ശേഷിക്കുന്നത് നാല് വിക്കറ്റുകള്‍. അഞ്ചാം ദിനമായ ഇന്ന് അതിവേഗം വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള ഏകവഴി.

ഇംഗ്ലണ്ട് ജയത്തിനരികെ ആണെങ്കിലും അത്ര പെട്ടന്ന് തോല്‍വി സമ്മതിക്കാന്‍ പറ്റില്ലെന്ന ശരീരഭാഷയാണ് ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും. അതില്‍ പ്രത്യേകം എടുത്തുപറയേണ്ടത് മുഹമ്മദ് സിറാജിന്റെ പോരാട്ടവീര്യത്തെയാണ്. നാലാം ദിവസം അവസാനത്തോടെ ഇംഗ്ലണ്ട് ജയം ഉറപ്പിക്കുമെന്ന കരുതിയ വേളയില്‍ ഗാലറിയിലുള്ള ഇന്ത്യന്‍ ആരാധകരെ അടക്കം പ്രചോദിപ്പിച്ച് കളിക്ക് ‘തീ പിടിപ്പിക്കുക’ ആയിരുന്നു സിറാജ്.

ഇന്ത്യ കളി പൂര്‍ണമായി കൈവിട്ടെന്ന് ഉറപ്പിച്ച സമയത്താണ് മുഹമ്മദ് സിറാജ് കിടിലനൊരു പന്ത് കൊണ്ട് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. സെഞ്ചുറിയുമായി നില്‍ക്കുന്ന ജോ റൂട്ടിനെ ലെഗ് ബൈ വിക്കറ്റിനു മുന്നില്‍ കുടുക്കി ഡ്രസിങ് റൂമിലേക്ക് പറഞ്ഞുവിട്ടു. പൂര്‍ണമായി പ്രതിരോധത്തിലായി നില്‍ക്കുന്ന ഇന്ത്യന്‍ കളിക്കാരുടെ ശരീരഭാഷ പൂര്‍ണമായും മാറ്റുന്നതില്‍ ഈ വിക്കറ്റ് നിര്‍ണായക പങ്കുവഹിച്ചു.

ജസ്പ്രിത് ബുംറയില്ലാതെ ഓവലില്‍ കളിക്കുന്ന ഇന്ത്യയുടെ പേസ് യൂണിറ്റിനെ നയിക്കുന്നത് സിറാജാണ്. ഒരു ബൗളര്‍ എന്ന നിലയില്‍ തന്റെ ഓവറുകള്‍ മികച്ചതാക്കാന്‍ മാത്രമല്ല സിറാജ് ശ്രമിക്കുന്നത് സഹബൗളര്‍മാരെ പ്രചോദിപ്പിച്ചും അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയും താരം കളം നിറയുന്നു. ബുംറയില്ലാതെ ഇറങ്ങിയ ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ചരിത്ര വിജയം നേടിയപ്പോള്‍ ബൗളിങ് യൂണിറ്റിനെ നയിച്ചതും സിറാജ് തന്നെയാണ്.

അഞ്ചാം ദിനത്തില്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ച് സിറാജ് കൈവിട്ടത് ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഒരുപക്ഷേ ആ ക്യാച്ചില്‍ കളിയുടെ ഗതി പൂര്‍ണമായി മാറിയേനെ. അല്‍പ്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ക്യാച്ച് വിജയകരമായി സ്വന്തമാക്കാമായിരുന്നല്ലോ എന്നോര്‍ത്ത് സിറാജ് നിരാശപ്പെട്ടു. പ്രസിദ്ധ് കൃഷ്ണയുടെ ഓവറിലാണ് സിറാജ് ബ്രൂക്കിനു ജീവന്‍ നല്‍കിയത്. അഞ്ചാം ദിനം മത്സരം അവസാനിപ്പിച്ച ഉടന്‍ സിറാജ് ഓടിവന്ന് പ്രസിദ്ധ് കൃഷ്ണയോടു ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങള്‍ ഏറെ വൈകാരികമായിരുന്നു. ടീമിനു വേണ്ടി സകലതും ത്യജിക്കുന്ന സിറാജിനെ ഒരു ക്യാച്ചിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ പ്രസിദ്ധും തയ്യാറായില്ല. സിറാജിനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുകയായിരുന്നു പ്രസിദ്ധ് ചെയ്തത്.

വിരാട് കോലി കളത്തിലില്ലെങ്കിലും അതിനു സമാനമായ ആക്രമണോത്സുകത സിറാജ് പരമ്പരയിലുടനീളം കാണിച്ചിരുന്നു. തുടക്കകാലത്ത് സിറാജിനെ എല്ലാവരും തള്ളിപറഞ്ഞപ്പോള്‍ കാര്യമായെടുത്തത് കോലി മാത്രമാണ്. പേസ് ബൗളിങ്ങില്‍ ഇന്ത്യയുടെ ഭാവിയാകും സിറാജെന്ന് കോലി ഉറച്ചുവിശ്വസിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്ന് തുടങ്ങിയ ആ സൗഹൃദത്തിന്റെ തണലിലാണ് സിറാജ് പിന്നീട് ഇന്ത്യയുടെ വിശ്വസ്തനായ ബൗളറായി മാറിയത്. അതുകൊണ്ട് തന്നെയാകും ഫീല്‍ഡില്‍ കോലിയെ ഓര്‍മിപ്പിക്കും വിധം സിറാജ് എതിരാളികളുടെ അടുത്തേക്ക് പാഞ്ഞടുക്കുന്നതും അവരെ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്നതും.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ ടെസ്റ്റ് പരമ്പരകള്‍ എടുത്താല്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഓവറുകള്‍ എറിഞ്ഞിരിക്കുന്ന താരം സിറാജാണ്. ബുംറയ്ക്കു ലഭിക്കുന്നതു പോലെ കൃത്യമായ ഇടവേളകളില്‍ സിറാജിനു വിശ്രമം ലഭിക്കുന്നില്ല. എന്നിട്ടും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ ഓരോ തവണയും സിറാജ് ഇന്ത്യക്കായി തന്റെ ‘മാക്‌സിമം’ നല്‍കുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് സിറാജിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്, ‘ ഏത് ടീമും സിറാജിനെ പോലൊരു താരത്തെ ആഗ്രഹിക്കും. ഇന്ത്യക്കു വേണ്ടി കളിക്കളത്തില്‍ തന്റെ നൂറ് ശതമാനവും സമര്‍പ്പിക്കുന്ന താരം,’

Leave a Reply

Your email address will not be published. Required fields are marked *