ശബ്ദരേഖ വിവാദത്തില്‍ അച്ചടക്ക നടപടി താക്കീതിലൊതുക്കി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദന്, എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരന് എന്നിവരെയാണ് താക്കീത് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് താക്കീത് ചെയ്തത്. നേതാക്കള്‍ മാപ്പപേക്ഷ നല്കിയ സാഹചര്യത്തിലാണ് നടപടി താക്കീതിലൊതുക്കിയത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഇരുവരും മോശമായി സംസാരിക്കുന്ന ശബ്ദരേഖ വിവാദമായിരുന്നു. സംഭവം പുറത്തുവന്നതോടെ താനറിയുന്ന നേതാക്കള്‍ അങ്ങനെ പറയില്ലെന്നായിരുന്നു വിഷയത്തില്‍ ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സിപിഐ സെക്രട്ടറിക്കെതിരായ ശബ്ദരേഖ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെങ്കിലും കടുത്ത നടപടിയെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യോഗത്തില്‍ ഇരുവരും വിശദീകരണം നടത്തുമ്പോള്‍ ബിനോയ് വിശ്വം ക്ഷുഭിതനായി. ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും നിരുപാധികം ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
കമല സദാനന്ദനും കെ.എം.ദിനകരനും തമ്മിലുളള സംഭാഷണമാണ് ചോര്‍ന്നത്. ബിനോയ് വിശ്വം പുണ്യാളനാകാന്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങിപ്പോരേണ്ടി വരുമെന്നായിരുന്നു പുറത്തുവന്ന ശബ്ദരേഖയിലുണ്ടായിരുന്നത്. കാര്‍ യാത്രക്കിടയിലെ തങ്ങളുടെ സംഭാഷണം റെക്കാര്‍ഡ് ചെയ്ത സാഹചര്യത്തെക്കുറിച്ച് ഇവര്‍ വിശദീകരണം നല്‍കിയിട്ടില്ല.